< Back
India
കൂടെയുള്ളവർക്ക് ഭക്ഷണം ഉണ്ടാക്കാൻ പറ്റില്ല; 27 കാരനെ സഹപ്രവർത്തകർ കഴുത്തുമുറിച്ച് കൊന്നു
India

കൂടെയുള്ളവർക്ക് ഭക്ഷണം ഉണ്ടാക്കാൻ പറ്റില്ല; 27 കാരനെ സഹപ്രവർത്തകർ കഴുത്തുമുറിച്ച് കൊന്നു

Web Desk
|
29 Nov 2021 10:24 PM IST

27കാരനായ ജയ് നാരായൺ മീണയെ കൂടെ താമസിക്കുന്ന മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു

രാജസ്ഥാനിൽ ഫാക്ടറി തൊഴിലാളിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് സഹപ്രവർത്തകർ അറസ്റ്റിൽ. ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ജയ്പൂർ പൊലീസിന്റെ പരിധിയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 27കാരനായ ജയ് നാരായൺ മീണയെ കൂടെ താമസിക്കുന്ന മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

വിശ്വകർമ്മ ഇൻഡസ്ട്രിയൽ മേഖലയിലെ തൊഴിലാളികളാണ് മരിച്ച ജയ് നാരായൺ ഉൾപ്പെടെ നാലുപേർ. സംഭവദിവസം ചപ്പാത്തി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മറ്റുള്ളവർക്കും കൂടി ഭക്ഷണം ഉണ്ടാക്കാൻ തനിക്ക് ആകില്ലെന്ന് ജയ് നാരായൺ സഹപ്രവർത്തകരോട് പറഞ്ഞു. കൂടാതെ സഹപ്രവർത്തകരെ 27കാരൻ അസഭ്യം പറഞ്ഞതായും പൊലീസ് പറയുന്നു.

ഇതോടെ കുപിതരായ മൂന്ന് സഹപ്രവർത്തകർ ചേർന്ന് ജയ് നാരായണിനെ കൊലപ്പെടുത്തുകയായിരുന്നു. വാഷ്റൂമിൽ പോയ സമയത്ത് 27കാരനെ തടഞ്ഞുനിർത്തി. തുടർന്ന് ജയ് നാരായണിന്റെ കഴുത്തുമുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

Related Tags :
Similar Posts