< Back
India
Arrest, Gang Rape
India

ടെറസിൽ നിന്ന 16കാരിയെ ഫ്ലാറ്റിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സം​ഗം; യു.പിയിൽ മൂന്ന് ബി.കോം വിദ്യാർഥികൾ അറസ്റ്റിൽ

Web Desk
|
17 Jan 2023 4:33 PM IST

ബുലന്ദ്ഷഹർ സ്വദേശികളായ വിദ്യാർഥികൾ അഞ്ച് മാസം മുമ്പാണ് ഈ ഫ്ലാറ്റിൽ താമസിക്കാനെത്തിയത്.

ഗാസിയാബാദ്: രാത്രി ടെറസിൽ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്ത് മൂന്ന് ബി.കോ വിദ്യാർഥികൾ. ഉത്തർപ്രദേശിലെ ബലിയ ജില്ലയിൽ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസമാണ് സംഭവം.

16കാരിയായ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. പെൺകുട്ടി താമസിക്കുന്ന അതേ അപ്പാർട്ട്മെന്റിലെ താമസക്കാരായ വിദ്യാർഥികളാണ് പ്രതികൾ. സംഭവത്തിൽ മൂന്ന് യുവാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.

ബുലന്ദ്ഷഹർ സ്വദേശികളായ വിദ്യാർഥികൾ അഞ്ച് മാസം മുമ്പാണ് ഈ ഫ്ലാറ്റിൽ താമസിക്കാനെത്തിയത്. കഴിഞ്ഞദിവസം രാത്രി ടെറസിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഇവിടെയെത്തിയ പ്രതികൾ വായ പൊത്തി വലിച്ചിഴച്ചുകൊണ്ടുപോയി ഫ്ലാറ്റിനുള്ളിലിട്ട് മാറി മാറി ബലാത്സം​ഗം ചെയ്യുകയായിരുന്നു എന്ന് ഡി.സി.പി നിപുൻ ​അ​ഗർവാൾ പറഞ്ഞു.

അഞ്ച് വർഷമായി പെൺകുട്ടിയുടെ കുടുംബം ഈ അപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയിലാണ് താമസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി ഉറങ്ങാൻ പോകവെ മകൾ മുറിയിൽ ഇല്ലെന്ന് മനസിലാക്കിയ മാതാപിതാക്കൾ ഉടൻ ടെറസിൽ പോയി നോക്കിയെങ്കിലും പെൺകുട്ടിയെ കാണാനായില്ല. ഒരു മണിയോടെയായിരുന്നു ഇത്.

മകളെ കാണാനില്ലെന്ന് മനസിലാക്കിയ മാതാപിതാക്കൾ രാത്രി തന്നെ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും തെരഞ്ഞു. മകളുടെ കൂട്ടുകാരെയും കൂട്ടി മറ്റ് സ്ഥലങ്ങളിലും തെരച്ചിൽ നടത്തി. എന്നാൽ കണ്ടെത്താൻ സാധിച്ചില്ല- അ​ഗർവാൾ പറഞ്ഞു.

തുടർന്ന് പിറ്റേദിവസം രാവിലെ മാതാവ് വീണ്ടും ടെറസിൽ പോയി നോക്കിയെങ്കിലും മകളെ കണ്ടില്ല. തിരിച്ചിറങ്ങി വരവെ, ബി.കോം വിദ്യാർഥികൾ താമസിക്കുന്ന നാലാം നിലയിലെ ഫ്ലാറ്റിനുള്ളിൽ നിന്ന് മകളുടെ കരച്ചിൽ കേട്ടു. ഇതോടെ പലതവണ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് അയൽക്കാരെ കൂട്ടിയെത്തി വാതിൽ ചവിട്ടിത്തുറന്നതോടെയാണ് പെൺകുട്ടിയെ കണ്ടെത്താനായത്.

വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ് ദേഹമാസകലം മുറിവേറ്റ് കൂട്ടബലാത്സം​ഗത്തിനിരയായി കിടക്കുന്ന 16കാരിയെയാണ് മാതാപിതാക്കൾക്കും അയൽക്കാർക്കും കാണാനായത്. ഇതോടെ ഇവർ മൂന്ന് യുവാക്കളേയും പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയുമായിരുന്നു.

യുവാക്കൾക്കെതിരെ കേസെടുത്ത പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മാതാപിതാക്കളുടെ പരാതിയിൽ ഐ.പി.സി 376 (ബലാത്സം​ഗം), 506 (തടഞ്ഞുവയ്ക്കൽ) എന്നിവയും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Similar Posts