< Back
India
ജമ്മുകശ്മീരിൽ കനത്ത മഴയും മണ്ണിടിച്ചിലും; റമ്പാൻ ജില്ലയിൽ മൂന്ന് മരണം, വീടുകളും വാഹനങ്ങളും മണ്ണിനടിയിൽ
India

ജമ്മുകശ്മീരിൽ കനത്ത മഴയും മണ്ണിടിച്ചിലും; റമ്പാൻ ജില്ലയിൽ മൂന്ന് മരണം, വീടുകളും വാഹനങ്ങളും മണ്ണിനടിയിൽ

Web Desk
|
20 April 2025 2:27 PM IST

കശ്‌മീരിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമുണ്ട്

ശ്രീനഗര്‍: ജമ്മുകശ്മീരിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. നിരവധി വീടുകൾ തകർന്നു. ജമ്മു-ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു. റമ്പാൻ ജില്ലയിലുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്നാണ് ശക്തമായ മഴ പെയ്യുന്നത്.

റമ്പാൻ ജില്ലയിലെ ധരം കുണ്ഡ് ഗ്രാമത്തിൽ കഴിഞ്ഞദിവസം ആരംഭിച്ച ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതിലാണ് മൂന്നുപേർ മരിച്ചത്. നിരവധി വീടുകളും തകർന്നു. 40ലധികം വാഹനങ്ങൾ ഒഴുകി പോയതായും അധികൃതർ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.

മഴ തുടരുന്നതിനാൽ മേഖലയിൽ നിന്ന് നൂറിലധികം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ശക്തമായ മഴയിൽ പലയിടങ്ങളിലും റോഡ് ഒലിച്ചു പോയതിനാൽ ജമ്മു ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

കനത്ത മഴ, മേഘവിസ്‌ഫോടനം, കാറ്റും ഇടിമിന്നലുമെല്ലാം വിവിധയിടങ്ങളിൽ വലിയ നാശനഷ്‌ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ് ഇപ്പോൾ മുൻഗണനയെന്നും അധികൃതർ അറിയിച്ചു. ദുരിതബാധിതർക്ക് സഹായം നൽകുന്ന നടപടികള്‍ വിലയിരുത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദേശീയ പാതയിൽ പാറകളും ചെളിയും അവശിഷ്‌ടങ്ങളും വന്ന് മൂടിയ നിലയിലാണുള്ളത്. കശ്‌മീരിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമുണ്ട്.

Similar Posts