< Back
India
ബിഹാറിൽ തേജ് പ്രതാപ് ഉൾപ്പടെ 31 മന്ത്രിമാർ; ആർ.ജെ.ഡിക്ക് മുൻഗണന
India

ബിഹാറിൽ തേജ് പ്രതാപ് ഉൾപ്പടെ 31 മന്ത്രിമാർ; ആർ.ജെ.ഡിക്ക് മുൻഗണന

Web Desk
|
16 Aug 2022 1:34 PM IST

സഖ്യകക്ഷിയായ ആർ.ജെ.ഡിക്കാണ് ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ചത്. 16 മന്ത്രിസ്ഥാനങ്ങൾ ആർ.ജെ.ഡി ഉറപ്പിച്ചപ്പോൾ ജനതാദൾ യുണൈറ്റഡ് 11 നിലനിർത്തി.

പാറ്റ്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിൽ മന്ത്രിസഭാ വികസനം പൂർത്തിയായി. ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവിന്‍റെ സഹോദരൻ തേജ് പ്രതാപ് യാദവ് ഉൾപ്പെടെ 30ഓളം എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. സഖ്യകക്ഷിയായ ആർ.ജെ.ഡിക്കാണ് ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ചത്. 16 മന്ത്രിസ്ഥാനങ്ങൾ ആർ.ജെ.ഡി ഉറപ്പിച്ചപ്പോൾ ജനതാദൾ യുണൈറ്റഡ് 11 നിലനിർത്തി.

മുൻ ഭരണത്തിൽ നിതീഷ് കുമാർ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പും വിജിലൻസ്, വിദ്യാഭ്യാസം, കെട്ടിടനിർമാണം, ന്യൂനപക്ഷകാര്യം, സാമൂഹികക്ഷേമം, ജലവിഭവം എന്നീ വകുപ്പുകളും ആർ.ജെ.ഡിയുടെ കൈകളിലാകും. ധനകാര്യം, ആരോഗ്യം, വാണിജ്യം, നികുതി, റോഡ് നിർമാണം, ദുരന്ത നിവാരണം, പരിസ്ഥിതിയും വനവും തുടങ്ങിയ വകുപ്പുകളാകും ആർ.ജെ.ഡി കൈകാര്യം ചെയ്യുക. നേരത്തെ ബി.ജെ.പിയുമായി ഉണ്ടാക്കിയതിന് സമാനമായ ധാരണ തന്നെയാണ് നിതീഷ് ആർ.ജെ.ഡിയുമായി ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

കോൺഗ്രസ് നിയമസഭാംഗങ്ങളായ അഫാഖ് ആലം, മുരാരി ലാൽ ഗൗതം എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്നുള്ള സന്തോഷ് സുമനും ഏക സ്വതന്ത്ര എം.എൽ.എ സുമിത് കുമാർ സിങ്ങും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം, വിജയ് കുമാർ ചൗധരി, ബിജേന്ദ്ര യാദവ്, ശ്രാവൺ കുമാർ, അശോക് ചൗധരി, ലെഷി സിംഗ്, സഞ്ജയ് ഝാ, മദൻ സാഹ്‌നി, ഷീലാ കുമാരി, മൊഹമ്മദ് സമ ഖാൻ, ജയന്ത് രാജ്, സുനിൽ കുമാർ എന്നിവരുൾപ്പെടെ തന്‍റെ പാർട്ടിയിലെ മിക്ക മന്ത്രിമാരെയും നിതീഷ് കുമാർ നിലനിർത്തി.

ആർ.ജെ.ഡിയിൽ നിന്ന് തേജ് പ്രതാപ് യാദവ്, സമീർ കുമാർ മഹാസേത്, ചന്ദ്രശേഖർ, കുമാർ സർവജീത്, ലളിത് യാദവ്, സുരേന്ദ്ര പ്രസാദ് യാദവ്, രാമാനന്ദ് യാദവ്, ജിതേന്ദ്ര കുമാർ റായ്, അനിത ദേവി, സുധാകർ സിങ്, അലോക് മേത്ത എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

ബിഹാർ മന്ത്രിസഭയിൽ മുഖ്യമന്ത്രി നിതീഷ് കുമാറടക്കം 36 മന്ത്രിമാരുണ്ടാകും. ഭാവിയിലെ മന്ത്രിസഭാ വികസനത്തിനായി ചില മന്ത്രിസ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുമെന്ന സൂചനയും ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്നു. ഈ മാസം ആദ്യമാണ് നിതീഷ് കുമാർ ബി.ജെ.പിയിൽ നിന്ന് വിട്ട് ആർ.ജെ.ഡിയോടും മറ്റ് പാർട്ടികളോടും ചേർന്ന് മഹാഗഡ്ബന്ധൻ സർക്കാർ രൂപീകരിച്ചത്. തുടർന്ന് ആഗസ്ത് 10ന് നിതീഷ് കുമാർ മുഖ്യമന്ത്രിയായും ആർ.ജെ.ഡിയുടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാരിനെ താഴെയിറക്കിയ അതേ മോഡൽ ബിഹാറിലും ആവർത്തിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് തോന്നിയതിനാലാണ് നിതീഷ് കുമാർ പാർട്ടി വിട്ടതെന്നാണ് റിപ്പോർട്ടുകൾ. ബിഹാർ മഹാസഖ്യത്തിൽ ആകെ 163 പേരാണുള്ളത്. സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിംഗ് നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇത് 164 ആയി ഉയർന്നു. ഇതോടെ ആഗസ്ത് 24ന് ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണ് പുതിയ സർക്കാരിന്‍റെ തീരുമാനം

Similar Posts