< Back
India
അലിഗഢിൽ ക്ഷേത്രങ്ങളുടെ ചുവരിൽ ഐ ലവ് മുഹമ്മദ് എഴുതി കലാപത്തിന് ശ്രമം; നാല് ഹിന്ദുത്വർ അറസ്റ്റിൽ
India

അലിഗഢിൽ ക്ഷേത്രങ്ങളുടെ ചുവരിൽ 'ഐ ലവ് മുഹമ്മദ്' എഴുതി കലാപത്തിന് ശ്രമം; നാല് ഹിന്ദുത്വർ അറസ്റ്റിൽ

Web Desk
|
30 Oct 2025 8:52 PM IST

മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജദൗൻ പറഞ്ഞു

അലീഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ ഹിന്ദു ക്ഷേത്രങ്ങളുടെ ചുവരിൽ 'ഐ ലവ് മുഹമ്മദ്' എന്നെഴുതിയ ഹിന്ദുത്വർ അറസ്റ്റിൽ. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശർമ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജദൗൻ പറഞ്ഞു.

പ്രതികളും മുസ്‌ലിം ബിസിനസുകാരുമായി ഭൂമി തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ ശ്രമം. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ക്ഷേത്രങ്ങളുടെ ചുവരിൽ 'ഐ ലവ് മുഹമ്മദ്' എഴുത്തുകൾ കണ്ടതിനെ തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. കർണിസേന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. അവരുടെ നിർദേശ പ്രകാരം മൗലവി മുസ്തഖീം, ഗുൽ മുഹമ്മദ്, സുലൈമാൻ, സോനു, അല്ലാബക്ഷ്, ഹസൻ, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തിൽ പ്രതികളെ വിട്ടെന്നും അവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും എസ്എസ്പി അറിയിച്ചു.

എഴുത്തുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. വർഗീയ സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് ചുവരെഴുത്ത് എന്ന് സമാജ് വാദി പാർട്ടി നേതാവ് സിയാവുറഹ്മാൻ ബർക്ക് പറഞ്ഞിരുന്നു. നിഷ്പക്ഷമായ അന്വേഷണം നടന്നാൽ ചുവരെഴുത്തിന് പിന്നിൽ ഒരു മുസ്‌ലിമും ഇല്ല എന്ന് വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Similar Posts