< Back
India

India
ഫാനിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ നാല് കുട്ടികൾ മരിച്ചു
|20 Nov 2023 12:44 PM IST
ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം.
ഉന്നാവോ: ഫാനിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ നാല് കുട്ടികൾ മരിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ലാൽമൻ ഖേദ ഗ്രാമത്തിലാണ് സംഭവം. മായങ്ക് (9), ഹിമാൻഷി (8), ഹിമാൻക് (6), മാൻസി (4) എന്നിവരാണ് മരിച്ചത്.
മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് അപകടമുണ്ടായത്. വീരേന്ദ്ര കുമാറും ഭാര്യ ശിവദേവിയും ഞായറാഴ്ച ഉച്ചക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.
ഫാനിന്റെ വയറിൽ ഇൻസുലേഷനില്ലാത്ത ഭാഗത്ത് കുട്ടികളിൽ ഒരാൾ അബദ്ധത്തിൽ തൊടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് സഹോദരങ്ങൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർക്കും ഷോക്കേറ്റതെന്നാണ് നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.