< Back
India
ഹരിയാനയില്‍ 40 വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ ക്രൂരമര്‍ദനം; 10 കുട്ടികള്‍ ആശുപത്രിയില്‍
India

ഹരിയാനയില്‍ 40 വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ ക്രൂരമര്‍ദനം; 10 കുട്ടികള്‍ ആശുപത്രിയില്‍

Web Desk
|
7 Sept 2021 12:15 PM IST

ചികിത്സയിലുള്ള വിദ്യാര്‍ഥികളുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്

ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ 40 വിദ്യാര്‍ഥികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ കുട്ടികളില്‍ 10 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള വിദ്യാര്‍ഥികളുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച്ച രാവിലെയായിരുന്നു സംഭവം. ക്ലാസിലിരുന്നു 11 കുട്ടികള്‍ വിസിലടിച്ചതിനെ തുടര്‍ന്നാണ് സംഭവങ്ങള്‍ക്ക് തുടക്കം. ആരാണ് വിസിലടിച്ചതെന്ന അധ്യാപകരുടെ ചോദ്യത്തിന് ആരും മറുപടി നല്‍കിയില്ല. ഇതോടെ ക്ലാസിലുള്ള മുഴുവന്‍ വിദ്യാര്‍ഥികളെയും അധ്യാപകര്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ മാഞ്ച് റാം, രജിനി, ചരണ്‍ജിത്ത് സിങ് എന്നീ മൂന്ന് അധ്യാപകര്‍ക്കെതിരെയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മര്‍ദനത്തിന് പുറമെ മൂന്ന് ദളിത് വിദ്യാര്‍ഥികള്‍ക്ക് നേരെ ജാതി അധിക്ഷേപം അധ്യാപകര്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവം പുറത്തു പറയാതിരിക്കാന്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ച് വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുമെന്നായിരുന്നു ഭീഷണി. അതേസമയം, അധ്യാപകര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Similar Posts