
14കാരന്റെ ലൈംഗികാതിക്രമം, ഗുരുതരമായി പരിക്കേറ്റ 40കാരിക്ക് ദാരുണാന്ത്യം; മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് ബന്ധുക്കൾ
|ലൈംഗികാതിക്രമം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ അരിവാളും വടിയും ഉപയോഗിച്ച് 40കാരിയെ ആക്രമിക്കുകയായിരുന്നു
ഹമീർപുർ: 14കാരന്റെ ലൈംഗികാതിക്രമത്തിനിരയായി ചികിത്സയിലായിരുന്ന 40കാരി മരിച്ചു. ഹിമാചൽ പ്രദേശിലെ ഹാമിർപുരിലാണ് സംഭവം. വയലിൽ പുല്ലരിയുകയായിരുന്ന സ്ത്രീയെ ഒൻപതാം ക്ലാസുകാരൻ വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനിടെയുണ്ടായ ഗുരുതര പരിക്കുകൾക്ക് ചികിത്സയിൽ കഴിയുന്നതിനിടെയാണ് 40കാരി മരണപ്പെട്ടത്. ഇതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഹമീർപൂർ ദേശീയ പാത ഉപരോധിക്കുകയായിരുന്നു. 14കാരനെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു ഇന്നലെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ദേശീയ പാത ഉപരോധിച്ചത്.
നവംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഹമീർപൂരിലെ സാസൻ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. ലൈംഗികാതിക്രമം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ അരിവാളും വടിയും ഉപയോഗിച്ച് 40കാരിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വയലിൽ കിടന്ന യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുറ്റമേറ്റു പറഞ്ഞ 14കാരൻ നിലവിൽ ജുവനൈൽ ഹോമിലാണ് ഉള്ളത്.
മൃതദേഹവുമായി മൂന്ന് മണിക്കൂറിലേറെ ദേശീയ പാത ഉപരോധിച്ചതിന് പിന്നാലെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു വിഷയത്തിൽ ഇടപെടുകയും, 40കാരിയുടെ ബന്ധുക്കളോട് സംസാരിക്കുകയും നീതി നടപ്പിലാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.