
സബ്സിഡി ദുരുപയോഗം: 4.08 കോടി എൽപിജി കണക്ഷനുകൾ റദ്ദാക്കി കേന്ദ്രം
|വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിൽ ഡിബിടിഎല്‍ പദ്ധതി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ്. പുരി പറഞ്ഞു
ന്യൂഡൽഹി: സബ്സിഡി ദുരുപയോഗം തടയുന്നതിനായി 4.08 കോടി എൽപിജി കണക്ഷനുകൾ റദ്ദാക്കി കേന്ദ്രസർക്കാർ. ഗാര്‍ഹിക പാചക വാതക സബ്സിഡി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന എല്‍പിജിയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടിഎല്‍) സബ്സിഡി ദുരുപയോഗം ചെയ്ത 4.08 കോടി എൽപിജി കണക്ഷനുകൾ റദ്ദാക്കാൻ സഹായിച്ചെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ്. പുരി പറഞ്ഞു.
വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിൽ ഡിബിടിഎല്‍ പദ്ധതി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതുവഴി സബ്സിഡിയുള്ള എല്‍പിജി കണക്ഷനുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സാധിച്ചുവെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.
2025 ജൂലൈ 1ലെ കണക്കുകള്‍ പ്രകാരം 2015 ജനുവരിയില്‍ നടപ്പിലാക്കിയ ഡിബിടിഎല്‍ പദ്ധതി രാജ്യത്തുടനീളം സബ്സിഡികളുടെ സുതാര്യവും ഫലപ്രദവുമായ വിതരണത്തിന് കാരണമായിട്ടുണ്ട്. ഡ്യൂപ്ലിക്കേറ്റ് കണക്ഷനുകള്‍ തിരിച്ചറിയുകയും ഡാറ്റാബേസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്ന ഒരു പൊതു എല്‍പിജി ഡാറ്റാബേസ് പ്ലാറ്റ്ഫോം (സിഎല്‍ഡിപി) സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.
ആകെയുള്ള 33.05 കോടി എല്‍പിജി ഉപഭോക്താക്കളില്‍ 92.44 ശതമാനം പേരുടെയും ആധാര്‍ വിവരങ്ങള്‍ ഒഎംസികളുടെ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊത്തം 30.63 കോടി ഡിബിടിഎല്‍ ഉപഭോക്താക്കളില്‍ 86.78 ശതമാനം പേരും ആധാര്‍ ട്രാന്‍സ്ഫര്‍ പാലിക്കുന്നവരാണ്.