< Back
India
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ചു കുട്ടികള്‍ക്ക് എച്ച്ഐവി;അന്വേഷണം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് ആരോഗ്യവകുപ്പ്

representative image

India

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ചു കുട്ടികള്‍ക്ക് എച്ച്ഐവി;അന്വേഷണം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് ആരോഗ്യവകുപ്പ്

Web Desk
|
26 Oct 2025 8:48 AM IST

രക്തബാങ്കിൽ വെച്ച് എച്ച്ഐവി ബാധിതന്‍റെ രക്തം നൽകിയതായി കുടുംബം ആരോപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്

റാഞ്ചി:ജാർഖണ്ഡിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു വയസുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ റാഞ്ചിയിൽ നിന്നുള്ള ഉന്നതതല മെഡിക്കൽ സംഘം അടിയന്തര അന്വേഷണം ആരംഭിച്ചു. ജാർഖണ്ഡ് സർക്കാർ ആരോഗ്യ സേവന ഡയറക്ടർ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

മെഡിക്കൽ സംഘ വെസ്റ്റ് സിംഗ്ഭൂം ജില്ലയിൽ ചൈബാസയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. തലസീമിയ ബാധിതനായ കുട്ടിക്ക് ചൈബാസ സദർ ആശുപത്രിയിലെ രക്തബാങ്കിൽ വെച്ച് എച്ച്ഐവി ബാധിത രക്തം നൽകിയതായി കുടുംബം ആരോപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ നാല് കുട്ടികൾ കൂടി എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി.രോഗം ബാധിച്ച കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചവരായിരുന്നു.

തലസീമിയ രോഗിയായ കുട്ടിക്ക് മോശമായ രക്തം നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായെന്നും ഡോ. ദിനേശ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏകദേശം 25 യൂണിറ്റ് രക്തം കുട്ടി ഇതിനോടകം തന്നെ രക്തബാങ്കില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ രക്തത്തിലൂടെ മാത്രമാണ് രോഗബാധ പകര്‍ന്നതെന്ന് കരുതാനാകില്ലെന്നും ഉപയോഗിച്ച സൂചികള്‍ വീണ്ടും ഉപയോഗിച്ചതടക്കമുള്ള ഘടകങ്ങള്‍ മൂലവും എച്ചഐവി അണുബാധി ഉണ്ടാകുമെന്നും ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മഝീ പറഞ്ഞു.അതേസമയം, ഇതിന് പിന്നില്‍ വ്യക്തി പരമായ വൈരാഗ്യമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബ്ലഡ് ബാങ്കിലെ ജീവനക്കാരനും കുട്ടിയുടെ ബന്ധുവും തമ്മിലുള്ള തര്‍ക്കം ഒരുവര്‍ഷമായി കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് മഞ്ജരി ജില്ലാ പരിഷത്ത് അംഗം മാധവ് ചന്ദ്ര കുങ്കൽ എന്‍ഡിടിവിയോട് പറഞ്ഞു. സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സർക്കാരിനും പരാതി നൽകിയിട്ടുണ്ട്.

സംഭവം ഇപ്പോൾ ജാർഖണ്ഡ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന ആരോഗ്യ സെക്രട്ടറിയിൽ നിന്നും ജില്ലാ സിവിൽ സർജനിൽ നിന്നും കോടതി റിപ്പോർട്ട് തേടി. ഔദ്യോഗിക രേഖകൾ പ്രകാരം, നിലവിൽ പശ്ചിമ സിംഗ്ഭും ജില്ലയിൽ 515 എച്ച്ഐവി പോസിറ്റീവ് കേസുകളും 56 തലസീമിയ രോഗികളുമുണ്ട്. കൂടുതൽ രോഗങ്ങള്‍ പടരാതിരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് കര്‍ശന നിർദേശം നൽകിയിട്ടുണ്ട്.

Similar Posts