< Back
India
പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; അഞ്ചുവയസുകാരന് ദാരുണാന്ത്യം
India

പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; അഞ്ചുവയസുകാരന് ദാരുണാന്ത്യം

Web Desk
|
9 Sept 2025 8:11 AM IST

വെടിയൊച്ച കേട്ടെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടത്

ജയ്പൂര്‍: പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചുവയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുലി ജില്ലയിലാണ് സംഭവം. വിരാട്‌നഗറിലെ ദേവാന്‍ഷു ആണ് മരിച്ചത്.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടി ഒറ്റയ്ക്കായിരുന്നു. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നില്ല. കളിക്കുന്നതിനിടെ വീട്ടിലെ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരുന്ന നാടന്‍ പിസ്റ്റള്‍ കുട്ടിക്ക് കിട്ടുകയായിരുന്നു.

അത് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രിഗര്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ തലയില്‍ വെടിയുണ്ട തുളച്ചുകയറി. കുട്ടി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വെടിയൊച്ച കേട്ടെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടത്. തുടര്‍ന്ന് അവര്‍ കുട്ടിയുടെ മാതാപിതാക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

ദേവാന്‍ഷുവിന്റെ അച്ഛന്‍ മുകേഷ് മുമ്പ് ഒരു ഡിഫന്‍സ് അക്കാദമി നടത്തിയിരുന്നു. എന്നാല്‍, ഒരു വര്‍ഷം മുമ്പ് അക്കാദമി അടച്ചുപൂട്ടി. പിന്നീട് നാടോടി ഗായികയായ ഭാര്യയോടൊപ്പം പോകാറായിരുന്നു പതിവ്. ദേവാന്‍ഷു ഏക മകനായിരുന്നു. ഡിഫന്‍സ് അക്കാദമിയുമായി ബന്ധപ്പെട്ടാണ് പിസ്റ്റള്‍ വീട്ടില്‍ സൂക്ഷിച്ചതെന്നാണ് വിവരം.

Related Tags :
Similar Posts