< Back
India
5-Year-Old Girl Raped Inside Temple In UPs Agra
India

യുപിയിൽ അഞ്ച് വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിൽവെച്ച് ബലാത്സംഗം ചെയ്തു; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് പൊലീസ്

Web Desk
|
28 May 2025 7:12 PM IST

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുകയും നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തതോടെ പ്രതിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ അഞ്ച് വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിൽവെച്ച് ബലാത്സംഗം ചെയ്തു. മേയ് 18-നാണ് സംഭവം. വീടിന് അടുത്തുള്ള ക്ഷേത്രത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പവിത്ര ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കുട്ടിയുടെ കരച്ചിൽ കേട്ട് ബന്ധുക്കൾ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ മുത്തശ്ശിയെ തള്ളിവീഴ്ത്തിയാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

എന്നാൽ പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു ആദ്യം പൊലീസ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു.

പ്രതിയെ വിട്ടയച്ച പൊലീസ് നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി ഒരു മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

Similar Posts