< Back
India
56-year-old devotee dies after falling on ember pit during ritual in Tamil Nadu
India

ക്ഷേത്രോത്സവത്തിൽ തീക്കനലിന് മുകളിലൂടെ ഓടുന്നതിനിടെ വീണ് പൊള്ളലേറ്റു; 56കാരന് ദാരുണാന്ത്യം

Web Desk
|
17 April 2025 5:06 PM IST

'തീമിധി തിരുവിഴ' എന്നറിയപ്പെടുന്ന ഈ ആചാരം ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ ഭാഗമാണ്.

ചെന്നൈ: തമിഴ്‌നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ തീക്കനലിന് മുകളിലൂടെ ഓടുന്ന ആചാരത്തിനിടെ വീണ് ​ഗുരുതരമായി പൊള്ളലേറ്റ് 56കാരന് ദാരുണാന്ത്യം. രാമനാഥപുരം ജില്ലയിലെ കുയവൻകുടിയിലെ സുബ്ബയ്യ ക്ഷേത്രോത്സവത്തിലെ അഗ്നിയോട്ട ചടങ്ങിനിടെയാണ് സംഭവം. വലന്തരവൈ സ്വദേശിയായ കേശവൻ ആണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

'തീമിധി തിരുവിഴ' എന്നറിയപ്പെടുന്ന ഈ ആചാരം സുബ്ബയ്യ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ ഭാഗമാണ്. ഏപ്രിൽ 10നാണ് ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചത്. ഭക്തർ കത്തുന്ന തീക്കനൽ നിറഞ്ഞ ഒരു കുഴിയിലൂടെ നഗ്നപാദനായി വേ​ഗത്തിൽ നടക്കുകയോ ഓടുകയോ ചെയ്യുന്നതാണ് ആചാരം. ആ​ഗ്രഹങ്ങൾ നിറവേറാൻ നേർച്ചകളുടെ ഭാ​ഗമായും പുണ്യം നേടാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശ്വാസം.

നിരവധി ഭക്തർ ഇത്തരത്തിൽ കനലിന് മുകളിലൂടെ ഓടിയിരുന്നു. എന്നാൽ കേശവൻ ഓടുന്നതിനിടെ കാലിടറി കത്തുന്ന തീക്കനലിൽ മുഖം കുത്തിവീഴുകയായിരുന്നു. രക്ഷാപ്രവർത്തകർ ഓടിയെത്തി നിമിഷങ്ങൾക്കുള്ളിൽ കേശവനെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് രാമനാഥപുരം ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നാലെ മരിച്ചു.

ഈ മാസം ആദ്യം, തമിഴ്‌നാട്ടിലെ അവറങ്കാട്ടിലുള്ള അഗ്നി മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം ഒരാൾ തീക്കനലിൽ കാലിടറി വീഴുന്ന വീഡിയോ പുറത്തുവന്നിരുന്നു.

Similar Posts