< Back
India
ഉച്ചത്തിലുള്ള ഡിജെ സംഗീതം മൂലം 63 കോഴികള്‍ ഹൃദയാഘാതം വന്നു ചത്തു; വിചിത്ര പരാതിയുമായി പൗൾട്രി ഫാം ഉടമ
India

ഉച്ചത്തിലുള്ള ഡിജെ സംഗീതം മൂലം 63 കോഴികള്‍ ഹൃദയാഘാതം വന്നു ചത്തു; വിചിത്ര പരാതിയുമായി പൗൾട്രി ഫാം ഉടമ

Web Desk
|
24 Nov 2021 1:31 PM IST

അയൽവാസിയായ രാമചന്ദ്രന്‍ പരിദയുടെ വീട്ടില്‍ നടന്ന വിവാഹ ഘോഷയാത്രയിലെ ഉച്ചത്തിലുള്ള ഡിജെ സംഗീതമാണ്‌‌ കോഴികളുടെ മരണത്തിന് കാരണമായതെന്ന് പരാതിയില്‍ പറയുന്നു

വിവാഹത്തിനിടെയുള്ള ഉച്ചത്തിലുള്ള ഡിജെ സംഗീതം മൂലം തന്‍റെ ഫാമിലെ 63 കോഴികള്‍ ചത്തുവെന്ന പരാതിയുമായി ഒഡിഷയിലെ ബാലസോറിലുള്ള പൗൾട്രി ഫാം ഉടമ. കണ്ടഗരടി സ്വദേശിയായ രഞ്ജിത് പരിദയാണ് നീലഗിരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അയൽവാസിയായ രാമചന്ദ്രന്‍ പരിദയുടെ വീട്ടില്‍ നടന്ന വിവാഹ ഘോഷയാത്രയിലെ ഉച്ചത്തിലുള്ള ഡിജെ സംഗീതമാണ്‌‌ കോഴികളുടെ മരണത്തിന് കാരണമായതെന്ന് പരാതിയില്‍ പറയുന്നു.

ഞായറാഴ്ച രാത്രി 11.30ഓടെ ഫാമിന് മുന്നിലൂടെ ഡിജെ ബാൻഡുമായി വിവാഹ ഘോഷയാത്ര കടന്നുപോയിരുന്നു. ഡിജെ ഫാമിനടുത്തെത്തിയപ്പോൾ കോഴികൾ വിചിത്രമായി പെരുമാറിയെന്നാണ്‌ രഞ്ജിത്തിന്‍റെ വിശദീകരണം. സംഗീതത്തിന്‍റെ ശബ്ദം കുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വിവാഹസംഘം അതു നിരസിച്ചു. തുടര്‍ന്ന് കോഴികള്‍ തളര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് മൃഗഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ചത്തിലുള്ള ശബ്ദമാണ് കോഴികളുടെ മരണത്തിന് കാരണമായതെന്നാണ് ഡോക്ടറും പറഞ്ഞത്.

അയൽവാസിയായ രാമചന്ദ്രനോട് നഷ്ടപരിഹാരം ചോദിച്ചെങ്കിലും പണം കൊടുക്കാന്‍ അയാള്‍ തയ്യാറായില്ല. പിന്നീടാണ് രഞ്ജിത്ത് പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്‌റ്റേഷനിൽ വച്ച് ഇരുവിഭാഗവും പ്രശ്‌നം രമ്യമായി പരിഹരിച്ചതായി ബാലസോർ പൊലീസ് എസ്പി സുധാൻഷു മിശ്ര പറഞ്ഞു.

എഞ്ചിനീയറിംഗ് ബിരുദധാരിയായ രഞ്ജിത്ത്‌ തൊഴിലില്ലായ്മ മൂലം 2019 ലാണ്‌ ബ്രോയിലർ ഫാം ആരംഭിച്ചത്. നീലഗിരിയിലെ ഒരു സഹകരണ ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ വായ്പയെടുത്താണ് ഫാം തുടങ്ങിയത്‌.

63 chickens killed due to loud DJ music, claims Odisha poultry farm owner

Related Tags :
Similar Posts