< Back
India
ഹിമാചലില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം
India

ഹിമാചലില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം

Web Desk
|
26 Sept 2022 7:55 AM IST

അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം

കുളു: ഹിമാചൽ പ്രദേശിൽ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. കുളുവിലെ ബഞ്ചാർ താഴ്‌വരയിലാണ് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

''കുളുവിലെ ബഞ്ചാർ താഴ്‌വരയിലെ ഗിയാഗി മേഖലയിൽ ഞായറാഴ്ച രാത്രി 8:30 ന് ടൂറിസ്റ്റ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ അഞ്ച് പേരെ സോണൽ ആശുപത്രിയിലേക്ക് മാറ്റി. 5 പേർ ബഞ്ചാറിൽ ആശുപത്രിയിൽ ചികിത്സയിലാണ്," കുളു എസ്.പി ഗുര്‍ദേവ് സിംഗ് എ.എന്‍.ഐയോട് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെ ഫെയ്‌സ്ബുക്ക് ലൈവിൽ വീഡിയോ സ്ട്രീം ചെയ്തുകൊണ്ട് ബഞ്ചാറിലെ ബി.ജെ.പി എം.എൽ.എ സുരേന്ദർ ഷൂരിയാണ് അപകട വിവരം അറിയിച്ചത്. പരിക്കേറ്റവരെ ആദ്യം ബഞ്ചാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കുളുവിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലപ്പെട്ടവർ രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും അവരെ തിരിച്ചറിഞ്ഞു വരികയാണെന്നും ബഞ്ചാർ എം.എൽ.എ പറഞ്ഞു. രാത്രിയായിട്ടും ഇരുട്ടിനെ അവഗണിച്ച് രക്ഷാപ്രവർത്തനം നടത്തിയതിന് ജില്ലാ ഭരണകൂടത്തിനും നാട്ടുകാർക്കും ഷൂരി നന്ദി പറഞ്ഞു.

Similar Posts