< Back
India
യുപിയിൽ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്‌ഫോം തകർന്ന് 7 മരണം; 50 പേർക്ക് പരിക്ക്‌
India

യുപിയിൽ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്‌ഫോം തകർന്ന് 7 മരണം; 50 പേർക്ക് പരിക്ക്‌

Web Desk
|
28 Jan 2025 2:23 PM IST

മുള കൊണ്ട് നിര്‍മിച്ച പ്ലാറ്റ്‌ഫോമാണ് തകര്‍ന്നുവീണത്. നിരവധിയാളുകള്‍ കയറിനിന്നതോടെ ഭാരം താങ്ങാൻ സാധിക്കാതെ പ്ലാറ്റ്ഫോം നിലംപൊത്തുകയായിരുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഭാഗ്പതിൽ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നുവീണ് ഏഴ് പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു.

മുള കൊണ്ട് നിര്‍മിച്ച പ്ലാറ്റ്‌ഫോമാണ് തകര്‍ന്നുവീണത്. നിരവധിയാളുകള്‍ കയറി നിന്നതോടെ ഭാരം താങ്ങാൻ സാധിക്കാതെ പ്ലാറ്റ്ഫോം നിലംപൊത്തുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബറൗത്തിലെ ജൈന വിഭാഗക്കാരാണ് ല‍ഡു മഹോത്സവം എന്ന പേരിലുള്ള മത ചടങ്ങ് നടത്തുന്നത്. പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വഴിപാടായി ലഡു സമർപ്പിക്കുന്ന ചടങ്ങാണ് ഈ ആഘോഷത്തിലെ പ്രധാന പരിപാടി. ഇതിന് വിശ്വാസികൾക്ക് കയറി നിൽക്കാനാണ് മുളകൊണ്ട് പ്ലാറ്റ്ഫോം നിര്‍മിച്ചത്.

അപകടത്തിന് പിന്നാലെ ആംബുലൻസുകൾ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബാഗ്പത് പൊലീസ് മേധാവി അര്‍പിത് വിജയവര്‍ഗിയ പറഞ്ഞു. നിസാര പരിക്കുകൾ മാത്രമുണ്ടായിരുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. മറ്റുള്ളവർക്ക് ചികിത്സ നൽകിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടുത്തെ പ്രാദേശിക ജൈന സമൂഹം 30 വര്‍ഷമായി വര്‍ഷം തോറും 'ലഡു മഹോത്സവം' ആചരിക്കുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് അസ്മിത ലാല്‍ പറഞ്ഞു. അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. സ്ഥലത്ത് വേണ്ട നടപടികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Similar Posts