< Back
India

India
ഹൗറയിൽ വ്യാജമദ്യം കഴിച്ച് ഏഴുപേർ മരിച്ചു
|20 July 2022 2:32 PM IST
20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ചു. ഇരുപതിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച രാത്രി മദ്യം കഴിച്ചവരാണ് മരിച്ചത്. പലരും മദ്യം കഴിച്ച ഉടനെ ഛർദിക്കാൻ തുടങ്ങി. ഗുരുതരാവസ്ഥയിലായ ചിലർ വീട്ടിൽവെച്ചാണ് മരിച്ചത്. മറ്റുള്ളവരെ ടി.എൽ. ജൈസവാൾ ആശുപത്രിയും ഹൗറ ആശുപത്രിയും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.
20 ഓളം പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ തൊട്ടടുത്ത് നിരോധിത മദ്യം വിൽക്കുന്നുണ്ടെന്നും ഇവിടെ നിന്ന് മദ്യം വാങ്ങിക്കഴിച്ചവരാണ് മരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.