< Back
India
70-year-old Dalit man attacked in UP temple

Photo| Special Arrangement

India

യുപിയിൽ ക്ഷേത്രത്തിൽ ഇരുന്നതിന് ദലിത് വയോധികന് മേൽജാതിക്കാരന്റെ മർദനം, അധിക്ഷേപം; തോക്ക് ചൂണ്ടി ഭീഷണി

Web Desk
|
31 Oct 2025 9:22 PM IST

ഭയന്നുപോയ ജാതവ്, ഭാര്യയോടൊപ്പം പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയും പരാതി നല്‍കുകയും ചെയ്തു.

ലഖ്നൗ: ഉത്തർപ്രദേശിൽ ക്ഷേത്രത്തിൽ ഇരുന്ന വയോധികന് മേൽജാതിക്കാരനായ ആളുടെ ക്രൂര മർദനം. ഷാജഹാൻപൂരിലെ മദ്നാപൂർ ​ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം.

നുൻഹുകു ജാതവ് എന്ന 70കാരനാണ് മർദനമേറ്റത്. ​ഗ്രാമത്തിൽ തന്നെയുള്ള മറ്റൊരാളാണ് ജാതവിനെ മർദിച്ചത്. ജാതവിനടുത്തെത്തിയ ഇയാൾ ക്ഷേത്രത്തിൽനിന്ന് പോവാൻ ആവശ്യപ്പെട്ടു. എന്നാൽ ​ആവശ്യം ജാതവ് നിരസിച്ചു.

ഇതോടെ ആദ്യം മുഖത്തടിക്കുകയും തുടർന്ന് ചെരിപ്പൂരി അടിക്കുകയും ജാതിയധിക്ഷേപം നടത്തുകയും പിസ്റ്റൾ ചൂണ്ടി വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സാക്ഷികളിലൊരാൾ പറഞ്ഞു.

ഭയന്നുപോയ ജാതവ്, ഭാര്യയോടൊപ്പം മദ്‌നാപൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയും പരാതി നല്‍കുകയും ചെയ്തു. തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിൽ, ജാതവിന്റെ പരാതിയിൽ എസ്‌സി/എസ്ടി വിഭാ​ഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലേതുൾപ്പെടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ​നാട്ടിലെ പിന്നാക്കജാതിക്കാർക്ക് സുരക്ഷ വർധിപ്പിക്കണമെന്നും ​പ്രദേശവാസികൾ ആവശ്യപ്പെടുന്നു. മദ്‌നാപൂരിൽ ജാതി അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും അവർ ആരോപിച്ചു.

Similar Posts