
Photo| Special Arrangement
വാർധക്യകാലത്തെ ഏകാന്തത മാറാൻ 75കാരൻ 35കാരിയെ വിവാഹം കഴിച്ചു; പിറ്റേന്ന് മരിച്ചു
|ഒരു വർഷം മുമ്പാണ് സംഗ്രുറാമിന്റെ ഭാര്യ മരിച്ചത്. മക്കളില്ലാത്ത അദ്ദേഹം അന്ന് മുതൽ ഒറ്റയ്ക്കാണ് കഴിഞ്ഞുവന്നത്.
ലഖ്നൗ: വാർധക്യകാലത്തെ ഏകാന്തതയിൽ നിന്ന് മോചനം ലഭിക്കാൻ 75കാരൻ 35കാരിയെ വിവാഹം കഴിച്ചു. എന്നാൽ വിവാഹത്തിന്റെ പിറ്റേന്ന് രാവിലെയോടെ വയോധികൻ മരിച്ചു. ഉത്തർപ്രദേശിലെ ജൗൻപുർ ജില്ലയിലെ കുച്ഛ്മുച്ഛ് ഗ്രാമത്തിലെ സംഗ്രുറാമാണ് മരിച്ചത്.
ഒരു വർഷം മുമ്പാണ് സംഗ്രുറാമിന്റെ ഭാര്യ മരിച്ചത്. മക്കളില്ലാത്ത അദ്ദേഹം അന്ന് മുതൽ ഒറ്റയ്ക്കാണ് കഴിഞ്ഞുവന്നത്. കൃഷിയായിരുന്നു ഉപജീവനമാർഗം. ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ട് മാറാൻ സംഗ്രുറാം രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഈ പ്രായത്തിൽ വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെ ബന്ധുക്കൾ എതിർത്തു. എന്നാൽ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു സംഗ്രുറാം. തുടർന്ന്, സെപ്തംബർ 29ന് വയോധികൻ ജലാൽപുരി സ്വദേശിനിയും 35കാരിയുമായ മൻഭവതിയെ വിവാഹം കഴിച്ചു. കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്ത ദമ്പതികൾ ക്ഷേത്രത്തിൽ വച്ച് പരമ്പരാഗത ആചാരങ്ങൾ നടത്തുകയും ചെയ്തു.
വീട്ടുകാര്യങ്ങൾ ഏറ്റെടുക്കണമെന്ന് തന്നോട് പറഞ്ഞ ഭർത്താവ്, തന്റെ കുട്ടികളെ പരിപാലിക്കാമെന്ന് ഉറപ്പുനൽകിയതായും മൻഭവതി പറഞ്ഞു. വിവാഹ രാത്രിയിൽ ഇരുവരും ഏറെ നേരം സംസാരിച്ചിരുന്നതായും അവർ പറഞ്ഞു.
എന്നാൽ, പിറ്റേന്ന് രാവിലെ സംഗ്രുറാമിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ മരിച്ചിരുന്നു.
അതേസമയം, വയോധികന്റെ പെട്ടെന്നുള്ള മരണം ഗ്രാമത്തിൽ അഭ്യൂഹങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. നാട്ടുകാരിൽ ചിലർ ഇതിനെ സ്വാഭാവിക മരണമെന്ന് വിശേഷിപ്പിക്കുമ്പോൾ, മറ്റു ചിലർ സാഹചര്യങ്ങൾ സംശയാസ്പദമാണെന്ന് പറയുന്നു.
ഡൽഹിയിൽ താമസിക്കുന്ന അനന്തരവൻമാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ സംഗ്രുറാമിന്റെ സംസ്കാര ചടങ്ങുകൾ നിർത്തിവയ്ക്കാൻ നിർദേശിച്ചു. തങ്ങളെത്തിയ ശേഷം സംസ്കാരം നടത്തിയാൽ മതിയെന്നാണ് അവർ പറയുന്നത്. അതേസമയം, മരണത്തിൽ പൊലീസ് അന്വേഷണവും പോസ്റ്റ്‌മോർട്ടവും ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.