< Back
India
75000 പേര്‍ക്ക് തൊഴില്‍; ദീപാവലിക്ക് മുന്‍പ് നിയമന ഉത്തരവ് കൈമാറുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
India

75000 പേര്‍ക്ക് തൊഴില്‍; ദീപാവലിക്ക് മുന്‍പ് നിയമന ഉത്തരവ് കൈമാറുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

Web Desk
|
20 Oct 2022 4:51 PM IST

വിവിധ മന്ത്രിതല, സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

രാജ്യത്തെ 75,000 യുവാക്കൾക്ക് ഉടൻ നിയമന ഉത്തരവ് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വിവിധ കേന്ദ്ര മന്ത്രിതല, സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

75,000 യുവാക്കൾക്ക് ദീപാവലിക്ക് മുന്‍പായി നിയമനത്തിനുള്ള കത്ത് നല്‍കുമെന്നാണ് പ്രധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, വകുപ്പുകളിലേക്കും കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സി.ബി.ഐ, കസ്റ്റംസ്, ബാങ്കിങ് എന്നിവയിലേക്കുമാണ് നിയമനം.

ദീപാവലിക്ക് മുന്‍പായി റാങ്ക് ലിസ്റ്റിലുള്ളവരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംവദിക്കും. ഈ യോഗത്തിലായിരിക്കും നിയമന ഉത്തരവ് കൈമാറുക. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നായി കേന്ദ്രമന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. ഒഡിഷയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ഗുജറാത്തിൽ നിന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ചണ്ഡീഗഢിൽ നിന്ന് വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂർ, മഹാരാഷ്ട്രയിൽ നിന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, രാജസ്ഥാനിൽ നിന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്നാട്ടിൽ നിന്ന് ധനമന്ത്രി നിർമല സീതാരാമൻ, ഉത്തർപ്രദേശിൽ നിന്ന് ഘന വ്യവസായ മന്ത്രി മഹേന്ദ്ര പാണ്ഡെ, ജാർഖണ്ഡിൽ നിന്ന് ഗോത്രകാര്യ മന്ത്രി അർജുൻ മുണ്ട, ബിഹാറിൽ നിന്ന് പഞ്ചായത്ത് രാജ് മന്ത്രി ഗിരിരാജ് സിങ് എന്നിവരും പങ്കെടുക്കും.

തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ 18 മാസത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഈ വർഷം ജൂണിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പൊള്ളയായ വാഗ്ദാനമാണിതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിമര്‍ശിക്കുകയുണ്ടായി. 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനത്തിന് സമാനമാണ് പുതിയ വാഗ്ദാനമാണെന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്.

Related Tags :
Similar Posts