< Back
India
ഗസ്സ യുദ്ധത്തിനെതിരെ ഉപവസിച്ച 77-കാരനെ അധിക്ഷേപിച്ച് ഡല്‍ഹി പൊലീസ്; വൈറലായി പൊലീസുകാര്‍ തര്‍ക്കിക്കുന്ന വീഡിയോ
India

ഗസ്സ യുദ്ധത്തിനെതിരെ ഉപവസിച്ച 77-കാരനെ അധിക്ഷേപിച്ച് ഡല്‍ഹി പൊലീസ്; വൈറലായി പൊലീസുകാര്‍ തര്‍ക്കിക്കുന്ന വീഡിയോ

Web Desk
|
19 Aug 2025 2:38 PM IST

സ്വാതന്ത്ര്യദിനത്തില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് രാജ്ഘട്ടില്‍ ഉപവസിച്ച പ്രൊഫ. വി.കെ ത്രിപാഠിക്കാണ് തലസ്ഥാനത്തെ നിയമപാലകരില്‍നിന്ന് ദുരനുഭവമുണ്ടായത്

ന്യൂഡല്‍ഹി: ഗസ്സയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ 77-കാരനായ റിട്ട. ഐഐടി പ്രൊഫസറെ അധിക്ഷേപിച്ച് ഡല്‍ഹി പൊലീസ്. സ്വാതന്ത്ര്യദിനത്തില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് രാജ്ഘട്ടില്‍ ഉപവസിച്ച പ്രൊഫ. വി.കെ ത്രിപാഠിക്കാണ് തലസ്ഥാനത്തെ നിയമപാലകരില്‍നിന്ന് ദുരനുഭവമുണ്ടായത്. പൊലീസുകാര്‍ ത്രിപാഠിയുമായി തര്‍ക്കിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ മകള്‍ രാഖി ത്രിപാഠി പങ്കുവെച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

'' എന്‍റെ പിതാവ് പ്രൊഫ. വി.കെ ത്രിപാഠി ഗസ്സയ്ക്കുവേണ്ടി ഒരുദിവസം മുഴുവന്‍ ഉപവാസമനുഷ്ഠിച്ചു, ലഘുലേഖകള്‍ വിതരണംചെയ്തു. വൈകീട്ട് ആറുമണിയോടെ ഒരുകൂട്ടം പൊലീസുകാരെത്തി. അവര്‍ ഞങ്ങള്‍ എന്തോ കുഴപ്പമുണ്ടാക്കാന്‍ വന്നവരാണെന്ന മട്ടില്‍ വളരെ മോശമായി പെരുമാറി. ഇത് നമ്മുടെ പൊലീസാണെന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല, അത്രയും വെറുപ്പോടെയും മുന്‍വിധിയോടെയുമായിരുന്നു അവരുടെ പെരുമാറ്റം''- രാഖി എക്‌സില്‍ കുറിച്ചു.

ഡല്‍ഹി ഐഐടിയില്‍നിന്ന് ഫിസിക്‌സ് പ്രൊഫസറായി വിരമിച്ച ത്രിപാഠി മകൾക്കൊപ്പം ആരംഭിച്ച അഹിംസ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയാണിപ്പോള്‍. '' എല്ലാം തുടങ്ങുന്നത് 1982-ലാണ്. അന്നത്തെ ചില സംഭവങ്ങള്‍ എന്റെ ജീവിതത്തെയും ചിന്താഗതിയെയും മാറ്റിമറിച്ചു. അന്ന് ഇസ്രായേല്‍ ലബനനെ ആക്രമിച്ചു. അതില്‍ ഒരുപാട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടെങ്കിലും ലോകംമുഴുവന്‍ ഇസ്രായേലിനെ പിന്തുണച്ചു. അതെന്നില്‍ വലിയ വേദനയുണ്ടാക്കി. അതിനെതിരേ ശബ്ദമുയര്‍ത്തണമെന്ന തീരുമാനത്തില്‍ ഞാനെത്തി. അന്ന് തുടങ്ങിയ പോരാട്ടമാണിത്''- ത്രിപാഠി പറഞ്ഞു. സ്വേച്ഛാധിപതികളായ ഭരണകൂടങ്ങളുടെ ആയുധമാണ് അക്രമം. യുദ്ധങ്ങളിലൂടെ അവര്‍ ജനങ്ങളെ അടിമച്ചമര്‍ത്തുന്നു. എന്നാല്‍ നിരായുധരായ ജനങ്ങളുടെ ആയുധം അഹിംസയാണ്. ഈ അടിച്ചമര്‍ത്തലിനെ അവര്‍ അഹിംസയിലൂടെ ചെറുത്തുതോല്‍പ്പിക്കും- അദ്ദേഹം മക്തൂബ് മീഡിയയോട് പറഞ്ഞു.

ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരേ അഹിംസയുടെ ആയുധവുമായി പോരാടുകയാണ് ത്രിപാഠി. അവിടെ നടക്കുന്നതെന്തെന്നറിയാത്ത ജനങ്ങള്‍ക്ക് അദ്ദേഹം ദിവസവും ലഘുലേഖകള്‍ വിതരണം ചെയ്യാറുണ്ട്. ഇതിന്‍റെ തുടര്‍ച്ചയെന്നോണം ആഗസ്റ്റ് 15-ന് നടത്തിയ ഉപവാസത്തിനിടെയാണ് പൊലീസ് ഇടപെട്ടതും വാക്കേറ്റമുണ്ടായതും.

Similar Posts