< Back
India
8 killed as blast rips through car parked near Red Fort Delhi

Photo| Special Arrangement

India

ഡൽഹി സ്ഫോടനം: മരണം എട്ടായി; നിരവധി പേർക്ക് പരിക്കേറ്റു

Web Desk
|
10 Nov 2025 8:15 PM IST

പൊട്ടിത്തെറിയെ തുടർന്ന് നാല് കാറുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾക്ക് തീപിടിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചതായി റിപ്പോർട്ട്. 24 പേർക്ക് പരിക്കേറ്റു. ഇവരിൽ ആറ് പേരുടെ നില ​ഗുരുതരമാണ്. പരിക്കേറ്റവരിൽ 15 പേരേ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് നാല് കാറുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾക്ക് തീപിടിച്ചു. കാറുകൾ കൂടാതെ, ഓട്ടോറിക്ഷ, മോട്ടോർസൈക്കിൾ, റിക്ഷ എന്നിവയാണ് കത്തിയത്.

സ്ഫോടനമുണ്ടായിടത്ത് ശരീരാവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണ്. രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ശക്തമായ സ്ഫോടനമാണുണ്ടായതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഡിസിപിയും ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി. സ്ഫോടനത്തെ തുടർന്ന് അതീവ ജാ​ഗ്രതയിലാണ് രാജ്യ തലസ്ഥാനം.

മേഖലയിൽ നിന്ന് ജനങ്ങളെ പൂർണമായും മാറ്റി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് വിദഗ്ധരുടെയും പൊലീസിന്റേയും പരിശോധന തുടരുകയാണ്. തീ പൂർണമായും അണച്ചതായി ഫയർഫോഴ്​സ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

അതേസമയം, പൊട്ടിത്തെറിയിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. എൻഐഎ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. മേഖലയുടെ സുരക്ഷ എൻഎസ്ജി കമാൻഡോ ഏറ്റെടുത്തു.

ഡൽഹിയുടെ വിവിധ ഭാ​ഗങ്ങളിൽ പരിശോധന പുരോ​ഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തെ തുടർന്ന് പ്രദേശത്തേക്കുള്ള വാഹന ​ഗതാ​ഗതവും ഡൽഹി മെട്രോ സർവീസും നിർത്തിവച്ചിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് മേധാവിയുമായും ഐബി ഡയറക്ടർമാരുമായും സംസാരിച്ചു.

ഡൽഹിയെ കൂടാതെ മുംബൈ, കൊൽക്കത്ത നഗരങ്ങളിലും അതീവ ജാഗ്രതാ നിർദേശമുണ്ട്. അന്വേഷണം നടക്കുകയാണെന്നും ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും സിആർപിഎഫ് ഡിജിപി പറഞ്ഞു. രണ്ട് മൂന്നു കി.മീ ദൂരം വരെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.



Similar Posts