< Back
India
80 വയസുകാരനെ കുടുക്കിയ ഓൺലൈൻ പ്രണയം; 21 മാസത്തിനിടെ നഷ്ടമായത് 8.7 കോടി
India

80 വയസുകാരനെ കുടുക്കിയ ഓൺലൈൻ പ്രണയം; 21 മാസത്തിനിടെ നഷ്ടമായത് 8.7 കോടി

Web Desk
|
9 Aug 2025 12:51 PM IST

2023 ഏപ്രിലിൽ 80കാരൻ ഷാര്‍വി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഒരു ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം

മുംബൈ: ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ ഒരു പുതിയ സംഭവമല്ല. പ്രായമായവരെ ലക്ഷ്യം വച്ചുള്ള തട്ടിപ്പുകളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മുംബൈയിലെ 80കാരനെ കുടുക്കിയത് ഒരു ഓൺലൈൻ പ്രണയമായിരുന്നു. അതിലൂടെ അയാൾക്ക് നഷ്ടമായതോ തന്‍റെ ആജീവാനന്ത സമ്പാദ്യവും. 8.7 കോടി രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത്.

2023 ഏപ്രിലിൽ 80കാരൻ ഷാര്‍വി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഒരു ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ആദ്യം റിക്വസ്റ്റ് നിരസിക്കപ്പെടുവെങ്കിലും ദിവസങ്ങൾക്ക് ശേഷം അതേ സ്ത്രീ തന്നെ റിക്വസ്റ്റ് അയക്കുകയും ഇരുവരും തമ്മിൽ സൗഹൃദത്തിലാവുകയും ചെയ്തു. ഫേസ്ബുക്കിൽ ആരംഭിച്ച ചങ്ങാത്തം വാട്ട്സാപ്പിലേക്ക് മാറുകയും ചെയ്തു. താൻ വിവാഹമോചിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നുമാണ് ഷാര്‍വി വൃദ്ധനോട് പറഞ്ഞത്. ദിവസങ്ങൾ പിന്നിട്ടപ്പോൾ കുട്ടിയുടെ രോഗം, വീട്ടിലെ പ്രശ്‌നങ്ങൾ, മറ്റ് വ്യക്തിപരമായ കാര്യങ്ങൾ എന്നിവക്കായി ഷാര്‍വി പണം ചോദിക്കാൻ തുടങ്ങി. 80കാരന്‍ ചിലപ്പോഴൊക്കെ സഹായിക്കുകയും ചെയ്തു.

ഷാർവിയെ അറിയാമെന്നും അയാളുടെ സുഹൃത്താകാൻ ആഗ്രഹിക്കുന്നുവെന്നും അവകാശപ്പെട്ട് കവിത എന്ന മറ്റൊരു സ്ത്രീ എത്തിയതോടെ തട്ടിപ്പ് കൂടുതൽ വ്യാപകമായി.അവർ അശ്ലീല സന്ദേശങ്ങൾ അയച്ച ശേഷം, തന്‍റെ രോഗിയായ കുട്ടിയുടെ ചികിത്സയുടെ പേരിൽ പണം ആവശ്യപ്പെട്ടു. 2023 ഡിസംബറിൽ ഷാര്‍വിയുടെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ദിനാസ് എന്നൊരു സ്ത്രീയും രംഗത്തെത്തി. ഷാര്‍വി മരിച്ചുവെന്നും മരിക്കുന്നതിന് മുൻപ് തന്‍റെ ആശുപത്രി ബില്ലുകൾ അടച്ചുതീര്‍ക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നതായും ദിനാസ് വൃദ്ധനോട് പറഞ്ഞു. തെളിവായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ വ്യാജ സ്ക്രീൻഷോട്ടുകളും അയച്ചു. 80കാരൻ ഇവരെ സഹായിക്കുകയും ചെയ്തു. ഒരു ഘടത്തിൽ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ദിനാസ് ആത്മഹത്യാ ഭീഷണി മുഴക്കി.

ഇതിനുശേഷം, ദിനാസിന്‍റെ സുഹൃത്താണെന്ന് അവകാശപ്പെട്ട് 'ജാസ്മിൻ' എന്ന സ്ത്രീ മുന്നോട്ടുവന്ന് സഹായം അഭ്യർഥിച്ചു. മരുമകളിൽ നിന്ന് രണ്ട് ലക്ഷം കടം വാങ്ങി ഇവരെ സഹായിച്ചു. 2025 ജനുവരി ആയപ്പോഴേക്കും വൃദ്ധൻ 734 തവണ പണം ട്രാൻസ്ഫർ ചെയ്തു. ആകെ 8.7 കോടിയാണ് ഇത്തരത്തിൽ അയച്ചത്. അഞ്ച് പ ഒടുവിൽ അയാൾ അഞ്ച് ലക്ഷം രൂപക്കായി മകനെ സമീപിച്ചു, ഇത് സംശയത്തിന് കാരണമായി. മകൻ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ തട്ടിപ്പ് പുറത്തുവരികയായിരുന്നു.

സത്യം അറിഞ്ഞതോടെ വൃദ്ധൻ തകര്‍ന്നുപോവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായും വന്നു. അദ്ദേഹത്തിന് ഡിമെൻഷ്യ ഉണ്ടെന്നും ഓർമ്മശക്തിയും മനസ്സിലാക്കാനുള്ള കഴിവും ക്രമേണ കുറയുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ഇതിനുശേഷം, 2025 ജൂലൈ 22 ന്, വൃദ്ധൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ 1930 ൽ പരാതി നൽകി. ആഗസ്ത് 6 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പൊലീസ് അന്വേഷണത്തിൽ നാല് സ്ത്രീകളുടെ പേരുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതെല്ലാം തട്ടിപ്പുകാരന്‍റെതാണെന്ന് സംശയമുണ്ട്.

Related Tags :
Similar Posts