< Back
India
Pushpa 2
India

പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; പരിക്കേറ്റ കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

Web Desk
|
18 Dec 2024 7:40 AM IST

ശ്രീതേജ എന്ന 9 വയസുകാരനാണ് മസ്തിഷ്ക മരണം സംഭവിച്ചത്

ഹൈദരാബാദ്: അല്ലു അർജുൻ ചിത്രമായ പുഷ്പ 2 പ്രീമിയറിനിടെ പരിക്കേറ്റ കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ശ്രീതേജ് എന്ന 9 വയസുകാരനാണ് മസ്തിഷ്ക മരണം സംഭവിച്ചത്. അപകടം സംഭവിച്ച ഹൈദരാബാദിലെ സന്ധ്യ തിയറ്ററിന്‍റെ ലൈസൻസ് റദ്ദാക്കും.

കുട്ടിയുടെ അമ്മ രേവതി സംഭവദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണറാണ് മരണ വിവരം പുറത്തുവിട്ടത്.

ഡിസംബർ നാലിന്, ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലായിരുന്നു അപകടമുണ്ടായത്. ചിത്രത്തിന്‍റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്. തിയറ്ററിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതി മരിച്ചു.

സംഭവത്തിൽ സന്ധ്യ തിയേറ്ററിന്റെ ഉടമ, തിയേറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അല്ലു അർജുനെ പ്രതി ചേർത്തത്. തുടര്‍ന്ന് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വസതിയിലെത്തി അറസ്റ്റ് ചെയ്യുകയുമുണ്ടായി. താരത്തിന്‍റെ അറസ്റ്റ് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അതിനിടെ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ കാണാൻ അല്ലു അർജുൻ എത്തിയില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. എന്നാൽ നിലവിൽ കേസ് നിലനിൽക്കുന്നതിനാലാണ് കുട്ടിയെ സന്ദർശിക്കാത്തതെന്ന് നടന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

Similar Posts