< Back
India
9-Year-Old Girls Body Found At Relief Camp In Manipur
India

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാംപിൽ രണ്ടാം ക്ലാസുകാരി മരിച്ച നിലയിൽ; കൊലപാതകമെന്ന് മാതാപിതാക്കൾ

Web Desk
|
21 March 2025 6:29 PM IST

ഇന്നലെ വൈകീട്ട് ആറര മുതൽ കുട്ടിയെ കാണാതായിരുന്നു.

ഇംഫാൽ: മണിപ്പൂർ കലാപത്തിൽ കുടിയിറക്കപ്പെട്ടവർക്കുള്ള ദുരിതാശ്വാസ ക്യാമ്പിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ. ചുരാചന്ദ്പൂരിലെ ക്യാംപിലാണ് വ്യാഴാഴ്ച അർധരാത്രി ഒമ്പതുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കൾ ആരോപിച്ചു.

ഇന്നലെ വൈകീട്ട് ആറര മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. മാതാപിതാക്കളും ക്യാംപിലെ മറ്റുള്ളവരും ചേർന്ന് തിരച്ചിൽ നടത്തിവരവെയാണ് ശരീരത്തിൽ പരിക്കുകളോടെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കഴുത്തിൽ മുറിവേറ്റ പാടും ശരീരത്തിലുടനീളം രക്തക്കറകളും ഉണ്ടായിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പെൺകുട്ടി കൊല്ലപ്പെട്ടതാണെന്ന് മാതാപിതാക്കളും സോമി മദേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സിവിൽ സൊസൈറ്റി സംഘടനകളും ആരോപിച്ചു. സംഭവത്തിൽ, പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിൽ ഞെട്ടലും ദുഃഖവും പങ്കുവച്ച്, പെൺകുട്ടി പഠിച്ച ‌ചുരാചന്ദ്പൂരിലെ വേ മാർക്ക് അക്കാദമിയിലെ അധ്യാപിക ലിൻഡ ജാം​ഗൈച്ചിങ് രം​ഗത്തെത്തി.

"ദുഃഖത്തിന്റെയും വേദനയുടേയും ഈ നിമിഷത്തിൽ, ഞങ്ങൾ ദുഃഖിതരായ കുടുംബത്തോടൊപ്പം നിൽക്കുകയും അവരുടെ നഷ്ടത്തിന്റെ വേദന പങ്കിടുകയും ചെയ്യുന്നു"- ജാം​ഗൈച്ചിങ് പറഞ്ഞു. പെൺകുട്ടിയുടെ കൊലപാതകത്തെ അപലപിക്കുന്നതായി സോമി മദേഴ്‌സ് അസോസിയേഷൻ പ്രതികരിച്ചു. മനുഷ്യത്വത്തിനെതിരായ ഇത്തരം കുറ്റകൃത്യം ഇനിയുണ്ടാവരുതെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.

പെൺകുട്ടിയുടേത് മനുഷ്യത്വരഹിതമായ കൊലപാതകമെന്ന് വിശേഷിപ്പിച്ച യങ് വൈഫി അസോസിയേഷൻ, കുറ്റകൃത്യം സമഗ്രമായി അന്വേഷിച്ച് പൊലീസ് കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. 2023 മെയിൽ പാെട്ടിപ്പുറപ്പെട്ട കലാപത്തെ തുടർന്ന് മണിപ്പൂരിലുടനീളം 50,000ത്തിലധികം ആളുകൾ കുടിയിറക്കപ്പെട്ടു. അതിർത്തി സംസ്ഥാനത്തെ പല പ്രദേശങ്ങളിലെയും ദുരിതാശ്വാസ ക്യാംപുകളിലാണ് അവരിൽ ഭൂരിഭാ​ഗവും കഴിയുന്നത്

Similar Posts