< Back
India
കെ.ജി.എഫിനിടെ തിയേറ്ററിൽ വെടിവെപ്പ്; യുവാവിന് പരിക്ക്‌
India

കെ.ജി.എഫിനിടെ തിയേറ്ററിൽ വെടിവെപ്പ്; യുവാവിന് പരിക്ക്‌

Web Desk
|
21 April 2022 11:37 AM IST

സീറ്റിൽ കാല് കയറ്റിവെക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്

ബംഗളൂരു: കന്നട ചിത്രം കെ.ജി.എഫ്-2 പ്രദർശിപ്പിക്കുന്ന തിയേറ്ററിലുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഹവേരിയിലെ രാജശ്രീ സിനിമാ ഹൗസിലാണ് സംഭവം. വസന്തകുമാർ എന്ന യുവാവിനാണ് വെടിയേറ്റത്. മുഗളി സ്വദേശിയായ വസന്ത് കുമാർ സുഹൃത്തുക്കളോടൊപ്പം കെ.ജി.എഫ്-2 കാണാനെത്തിയതായിരുന്നു.

സീറ്റിൽ കാല് കയറ്റിവെക്കുന്നതിനെ ചൊല്ലി വസന്തകുമാറും 27 കാരനായ മറ്റൊരാളും തമ്മിൽ തർക്കവും വാക്കേറ്റവും നടന്നിരുന്നു. ഇതിൽ പ്രകോപിതനായ അയാള്‍ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോകുകയും അൽപസമയത്തിന് ശേഷം തോക്കുമായി തിരിച്ച് വന്ന് വസന്തകുമാറിന് നേരെവെടിയുതിർക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. മൂന്ന് തവണ ഇയാൾ വെടിവെച്ചു. ഇതിൽ രണ്ടുതവണയും വസന്തുകമാറിന്റെ വയറിനാണ് വെടികൊണ്ടത്. ഇയാളെ ഉടൻ ആശുപ്രതിയിലെത്തിച്ചെന്നും അപകടനില തരണം ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. സിനിമ കാണാനെത്തിയവരെല്ലാവരും വെടിയുതിർക്കുന്നതിന്റെ ശബ്ദം കേട്ട് ഭയന്നോടി.

എന്നാൽ വെടിവെച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ പിടികൂടാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.തോക്കിന്റെ ലൈസൻസിന്റെ ആധികാരികതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരും തമ്മിൽ ശത്രുതയില്ലെന്നും പരിക്കേറ്റയാൾക്ക് മറ്റേയാളുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് പറയുന്നു.

Similar Posts