< Back
India
saif ali khan
India

സെയ്ഫ് അലി ഖാനെതിരായ അക്രമം: ​പിടിയിലായത് ബംഗ്ലാദേശി പൗരനെന്ന് പൊലീസ്

Web Desk
|
19 Jan 2025 11:12 AM IST

അഞ്ച് മാസം മുമ്പാണ് ഇയാൾ ഇന്ത്യയിലെത്തുന്നത്

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ബംഗ്ലാദേശി പൗരനെന്ന് മുംബൈ പൊലീസ്. മുഹമ്മദ് ഷരീഫുൽ ഇസ്‍ലാം ഇർഷാദ് (31) ആണ് പിടിയിലായത്. കുറ്റകൃത്യത്തിന് പിന്നിലെ ലക്ഷ്യം കവർച്ചയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ​പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ദിക്സിത് ഗെദാം അറിയിച്ചു. സാധുവായ ഇന്ത്യൻ രേഖകളൊന്നും പ്രതിയുടെ പക്കലില്ല. ഇയാൾ ബംഗ്ലാദേശി പൗരനാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വിജയ് ദാസ് എന്ന ​വ്യാജ പേരിൽ ഇയാൾ ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

അഞ്ച് മാസം മുമ്പാണ് ഇയാൾ ഇന്ത്യയിലെത്തുന്നത്. മുംബൈയിൽ എത്തിയിട്ട് 15 ദിവസമായി. മുംബൈയുടെ പരിസരത്തായിരുന്നു താമസം. ഹൗസ് കീപ്പിങ് ഏജൻസിയിലായിരുന്നു ജോലിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സെയ്ഫ് അലി ഖാനെ ആക്രമിച്ച ശേഷം പ്രതി ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽനിന്ന് ലഭ്യമായിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ബാന്ദ്ര വെസ്റ്റ് അപ്പാർട്ട്‌മെന്റിൽ വെച്ചാണ് സെയ്ഫ് അലി ഖാന്റെ കഴുത്തിലും തോളിലും ഉൾപ്പെടെ ആറ് തവണ കുത്തേറ്റത്. സെയ്ഫ് അലി ഖാന് സുഖംപ്രാപിച്ചതായി ലീലാവതി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

ജീവിതപങ്കാളി കരീന കപൂർ, മക്കളായ തൈമൂർ അലി ഖാൻ, ജെ അലി ഖാൻ എന്നിവർക്കൊപ്പം ബാന്ദ്രയിലെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാൻ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഫ്ലാറ്റിൽ വച്ച് സെയ്ഫ് അലി ഖാന് കുത്തേൽക്കുന്നത്. മോഷണശ്രമത്തിനിടെ മോഷ്ടാവുമായുണ്ടായ മൽപിടിത്തത്തിൽ താരത്തിന് കുത്തേറ്റുവെന്നായിരുന്നു വിശദീകരണം.

താരത്തിന് ആറു കുത്തുകൾ ഏറ്റതായാണ് റിപ്പോർട്ട്. അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതും ഒരു മുറിവ് നട്ടെല്ലിനോട് ചേർന്ന് അപകടകരമായ നിലയിലുമായിരുന്നു. പരിക്കേറ്റ താരത്തെ ഏകദേശം 3.30 ഓട് കൂടിയാണ് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യൂറോസർജന്മാർ ഉൾപ്പെടുന്ന സംഘമാണ് താരത്തിന് ശസ്ത്രക്രിയ നടത്തിയത്. ആക്രമണത്തിന് പിന്നാലെ മുംബൈ പൊലീസിൻ്റെ ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

Related Tags :
Similar Posts