< Back
India
എത്തുന്നത് കാറിൽ, ചക്ര പലകയിൽ ഭിക്ഷാടനം; സ്വന്തമായി മൂന്നു വീട്, ആഡംബര കാറും; ലക്ഷപ്രഭുവായ യാചകൻ
India

എത്തുന്നത് കാറിൽ, ചക്ര പലകയിൽ ഭിക്ഷാടനം; സ്വന്തമായി മൂന്നു വീട്, ആഡംബര കാറും; ലക്ഷപ്രഭുവായ യാചകൻ

അരീജ മുനസ്സ
|
19 Jan 2026 11:03 PM IST

ഭിക്ഷാടനത്തിന് പോകാൻ പോലും ഇയാൾ ഉപയോഗിക്കുന്നത് സ്വന്തം കാറാണെന്നും അതിനായി ഒരു ഡ്രൈവറെ ശമ്പളത്തിന് നിയമിച്ചിട്ടുണ്ടെന്നും അധികൃതർ കണ്ടെത്തി

ഇൻഡോർ: പുറമെ കണ്ടാൽ പരസഹായം ആവശ്യമായ ഒരു സാധാരണക്കാരൻ, എന്നാൽ ഇയാളുടെ സമ്പാദ്യം കേട്ടാൽ ഏതൊരു ഉന്നത ഉദ്യോഗസ്ഥനും അമ്പരന്നുപോകും. ഇൻഡോർ നഗരത്തെ ഭിക്ഷാടനമുക്തമാക്കുന്നതിന്റെ ഭാഗമായി അധികൃതർ നടത്തിയ പരിശോധനയിലാണ് മാംഗിലാൽ എന്ന 'ലക്ഷപ്രഭു' പിടിയിലായത്. ചക്രങ്ങൾ ഘടിപ്പിച്ച ചതുര പലകയിൽ കൈകൾ ഉപയോഗിച്ച് തറയിൽ ഉന്തി സഞ്ചരിച്ച് ഭിക്ഷയാചിക്കുകയാണ് മാംഗിലാലിന്റെ രീതി. എന്നാൽ മൂന്ന് വീടുകൾ, ആഡംബര കാർ, വാടകയ്ക്ക് നൽകിയിരിക്കുന്ന ഓട്ടോറിക്ഷകൾ തുടങ്ങി കോടികളുടെ ആസ്തിയാണ് ഇയാൾക്ക് ഉള്ളതെന്നാണ് അധികൃതർ കണ്ടെത്തിയത്.

നഗരത്തിലെ തിരക്കേറിയ സരാഫ മാർക്കറ്റിലായിരുന്നു മാംഗിലാൽ പ്രധാനമായും ഭിക്ഷാടനം നടത്തിയിരുന്നത്. ശാരീരിക അവശതകൾ കാണിച്ച് ആളുകളുടെ സഹതാപം പിടിച്ചുപറ്റിയാണ് ഇയാൾ പണം സമ്പാദിച്ചിരുന്നത്. എന്നാൽ ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനിതാ ശിശുക്ഷേമ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്. ഇൻഡോറിലെ വിവിധ ഭാഗങ്ങളിലായി മാംഗിലാലിന് മൂന്ന് വീടുകളുണ്ട്. ഇതിൽ ഒന്ന് മൂന്ന് നില കെട്ടിടമാണ്. കൂടാതെ, ഭിക്ഷാടനത്തിന് പോകാൻ പോലും ഇയാൾ ഉപയോഗിക്കുന്നത് സ്വന്തം കാറാണെന്നും അതിനായി ഒരു ഡ്രൈവറെ ശമ്പളത്തിന് നിയമിച്ചിട്ടുണ്ടെന്നും അധികൃതർ കണ്ടെത്തി.

വെറുമൊരു ഭിക്ഷാടകൻ എന്നതിലുപരി സരാഫയിലെ ചെറുകിട വ്യാപാരികൾക്ക് ഉയർന്ന പലിശയ്ക്ക് പണം കടം കൊടുക്കുന്ന ബിസിനസ്സും ഇയാൾ നടത്തിവരുന്നുണ്ട്. ഭിക്ഷാടനത്തിലൂടെ മാത്രം പ്രതിദിനം 500 മുതൽ 1000 രൂപ വരെ സമ്പാദിച്ചിരുന്ന മാംഗിലാൽ, തന്റെ പക്കലുള്ള മൂന്ന് ഓട്ടോറിക്ഷകൾ വാടകയ്ക്ക് നൽകിയും വരുമാനം ഉണ്ടാക്കുന്നുണ്ട്. കൂടാതെ, ശാരീരിക വൈകല്യം ചൂണ്ടിക്കാട്ടി സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളിൽ നിന്നും ഇയാൾ ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നതായും വിവരമുണ്ട്.

ഇൻഡോർ ജില്ലാ കളക്ടർ ശിവം വർമ്മയുടെ നിർദേശപ്രകാരം മാംഗിലാലിനെ നിലവിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾക്ക് ലഭിച്ച സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചും അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അർഹരായവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇത്തരം വ്യക്തികൾ തട്ടിയെടുക്കുന്നത് ഗൗരവകരമായ കുറ്റമാണെന്നും ഭരണകൂടം വ്യക്തമാക്കി.

Similar Posts