< Back
India
ആധാർ കാർഡിൽ അടിമുടി മാറ്റം; ഇനി ഉണ്ടാവുക ഫോട്ടോയും ക്യുആർ കോഡും മാത്രം
India

ആധാർ കാർഡിൽ അടിമുടി മാറ്റം; ഇനി ഉണ്ടാവുക ഫോട്ടോയും ക്യുആർ കോഡും മാത്രം

ശരത് ഓങ്ങല്ലൂർ
|
19 Feb 2026 2:55 PM IST

നിലവിലുള്ള ആധാർ കാർഡുകൾ പുതുക്കണോ എന്ന സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും യുഐഡിഐയിൽ നിന്ന് ഉണ്ടായിട്ടില്ല

ന്യുഡൽഹി: സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ആധാർ കാർഡിൽ സമൂലമാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് യൂണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐ). കാർഡുകളിൽ ഇനി വ്യക്തി വിവരങ്ങൾ ഉണ്ടാവില്ല. പകരം ഒരു ക്യുആർ കോഡ് മാത്രമായിരിക്കും ഉണ്ടാവുക. പേര്, ജനനതിയതി, ആധാർ കാർഡ് നമ്പർ എന്നിവ കാർഡിൽ ഉള്ളത് പലപ്പോഴും സുരക്ഷ വീഴ്ചക്ക് കാരണമാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുഐഡിഐ പുതിയ രീതിയിലേക്ക് മാറാൻ തീരുമാനിച്ചിരുന്നത്.

പുതിയ കാർഡിൽ ഫോട്ടോയും ക്യുആർ കോഡും മാത്രമാണ് ഉണ്ടാവുക. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഉപയോഗിക്കാനും കാർഡ് ഉടമയുടെ അനുമതി ആവശ്യമായിരിക്കും. പല സ്ഥലങ്ങളിലും ആധാർ കാർഡിൻ്റെ കോപ്പി നൽകുന്നത് സുരക്ഷാ വീഴ്ചക്ക് കാരണമാവുന്നുണ്ട് എന്ന പരാതി ഉയർന്നിരുന്നു. മറ്റൊരാളുടെ പേരും വിലാസവും ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളും സിം കാർഡ് തട്ടിപ്പുകളും പുതിയ കാർഡ് വരുന്നതോടെ തടയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ആധാർ കാർഡുകൾ പുതുക്കണോ എന്ന സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും യുഐഡിഐയിൽ നിന്ന് ഉണ്ടായിട്ടില്ല.

യുഐഡിഐ പുതിയ ആധാർ ആപ്പും അടുത്താണ് പുറത്തിറക്കിയത്. നിരവധി ഫീച്ചറുകളാണ് ആധാർ ആപ്പിൽ നൽകിയിരുന്നത്. വിരലടയാളവും ഫേസ് റെക്കഗനൈസേഷനും ഉപയോഗിച്ച് സുരക്ഷിതമാക്കാൻ കഴിയുന്ന ആധാർ ആപ്പ് ഉപയോഗിച്ച് വിലാസം പുതുക്കാനും സാധിക്കും. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ആധാർ വിവരങ്ങളും ആധാർ ആപ്പിൽ സൂക്ഷിക്കാം.

Related Tags :
Similar Posts