India

India
പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്രയിൽ യുവാവിനെ അടിച്ചുകൊന്നു
|26 Jun 2023 11:24 AM IST
മുംബൈ സ്വദേശി അഫാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നസീർ ശൈഖ് ചികിത്സയിലാണ്.
നാസിക്: പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ യുവാവിനെ അടിച്ചുകൊന്നു. മുംബൈ സ്വദേശി അഫാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ക്രൂരമായി മർദിച്ചു. നസീർ ശൈഖിനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് ഇവർക്കെതിരെ ആക്രമണമുണ്ടായത്. സിന്നാറിന് സമീപമുള്ള ടോൾ പ്ലാസയിലെ ജീവനക്കാരനാണ് രണ്ടുപേർ ഇറച്ചിയുമായി കാറിൽ പോകുന്നതായി ഗോരക്ഷാ സംഘത്തെ അറിയിച്ചത്. ഇരുമ്പ് വടിയും മരക്കഷ്ണങ്ങളുമായി സംഘടിച്ചെത്തിയ ഗോരക്ഷാ ഗുണ്ടകൾ അൻസാരിയേയും നസീർ ശൈഖിലനെയും മർദിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞതിനാൽ ഉടൻ തന്നെ പിടികൂടാനായെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവർ ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്നാണ് വിവരം.