< Back
India
തെരുവിലിറങ്ങി യഥാര്‍ഥ കടുവകളാകണം: ശിവസേന പ്രവര്‍ത്തകരോട് ആദിത്യ താക്കറെ
India

'തെരുവിലിറങ്ങി യഥാര്‍ഥ കടുവകളാകണം': ശിവസേന പ്രവര്‍ത്തകരോട് ആദിത്യ താക്കറെ

Web Desk
|
27 Jun 2022 7:30 AM IST

വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുക, നിങ്ങളുടെ പരാജയം ഞങ്ങൾ ഉറപ്പാക്കും- വിമത എം.എല്‍.എമാരോട് ആദിത്യ താക്കറെ

മുംബൈ: വിമത ശിവസേന എം.എൽ.എമാർക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. നേരിട്ടു വന്ന് മുഖാമുഖം സംസാരിക്കാനുള്ള ധൈര്യം അവര്‍ കാണിക്കണം. എം.എല്‍.എമാരില്‍ ചിലരെ ബലം പ്രയോഗിച്ച് ഗുവാഹത്തിയിലേക്ക് കൊണ്ടുപോയെന്നും ആദിത്യ താക്കറെ ആരോപിച്ചു.

തെരുവിലിറങ്ങി യഥാർഥ കടുവകളെപ്പോലെ ആകണമെന്ന് ആദിത്യ താക്കറെ ശിവസേന പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു- "നമ്മള്‍ തെരുവിലിറങ്ങി ഓരോ വീട്ടിലും എത്തണം. നമ്മൾ യഥാർഥ കടുവകളെപ്പോലെയാകണം". തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിമതരെ ആദിത്യ താക്കറെ വെല്ലുവിളിച്ചു- വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുക, നിങ്ങളുടെ പരാജയം ഞങ്ങൾ ഉറപ്പാക്കും".

ശിവസേനയുടെ ദേശീയ യൂത്ത് എക്‌സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആദിത്യ താക്കറെ പറഞ്ഞതിങ്ങനെ- "തങ്ങളെ തട്ടിക്കൊണ്ടുപോയതായി ഇപ്പോൾ അവർക്ക് തോന്നുന്നു. ഇപ്പോൾ അവർ അവിടെ തടവുകാരാണ്. ചില നേതാക്കളെ ബസുകളിലേക്ക് തള്ളിവിടുകയായിരുന്നു. ഇവര്‍ക്ക് ധൈര്യം ഉണ്ടായിരിക്കണം. വന്ന് മുഖാമുഖം സംസാരിക്കണം. ഏക്നാഥ് ഷിൻഡെയ്ക്ക് താനെയിൽ വിമതനീക്കം നടത്താൻ ധൈര്യമില്ലായിരുന്നു. അദ്ദേഹം വിമതനായി സൂറത്തിലേക്ക് പോയി."

വിമത എം.എൽ.എമാർക്ക് താക്കറെ മുന്നറിയിപ്പ് നൽകി- "വിമതരായ ഓരോ എം.എൽ.എക്കും രണ്ട് വഴികളുണ്ട്. ബി.ജെ.പിയിൽ ചേരുക അല്ലെങ്കിൽ പ്രഹാറിൽ ചേരുക. അവർ ശിവസേനയോ അമ്പും വില്ലും ചിഹ്നമോ അര്‍ഹിക്കുന്നില്ല."

Similar Posts