< Back
India
ആം ആദ്മി ബിജെപിയുടെ ബി ടീം; കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ചുവെന്ന് ചെന്നിത്തല
India

ആം ആദ്മി ബിജെപിയുടെ ബി ടീം; കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ചുവെന്ന് ചെന്നിത്തല

Web Desk
|
24 Aug 2022 7:30 PM IST

'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് ഭരണം നഷ്ടപ്പെട്ടത്. ഇത്തവണ വര്‍ധിച്ച ആവേശത്തോടെ പ്രവര്‍ത്തിക്കും'

തിരുവനന്തപുരം: ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ആംആദ്മിക്ക് കഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഈ പ്രവണതയെ പ്രതിരോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതിയുടെ ചുമതല ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഗുജറാത്തില്‍ ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിറവേറ്റും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് ഭരണം നഷ്ടപ്പെട്ടത്. ഇത്തവണ വര്‍ധിച്ച ആവേശത്തോടെ പ്രവര്‍ത്തിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതിയുടെ ചുമതല എന്ന് പറയുന്നത് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി നല്‍കുന്ന ശുപാര്‍ശകള്‍ പരിശോധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നല്‍കുകയെന്നതാണ്. പിസിസിയോട് കൂടിയാലോചിച്ച് പ്രവര്‍ത്തിക്കും. ഡിസംബര്‍ അവസാനത്തോടെ മാത്രമെ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ബിജെപിയെ ഗുജറാത്തില്‍ തോല്‍പ്പിക്കാനാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. അതില്‍ ഭാഗമാകാന്‍ സോണിയ ഗാന്ധി അവസരം തന്നു. ബിജെപി സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള അമര്‍ഷം പ്രകടമാണ്.' രമേശ് ചെന്നിത്തല പറഞ്ഞു.

Similar Posts