< Back
India

India
മദ്യനയക്കേസിൽ ആം ആദ്മി എം.പി സഞ്ജയ് സിങ്ങിന് ജാമ്യം
|2 April 2024 3:16 PM IST
മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ ആം ആദ്മി പാർട്ടി നേതാവാണ് സഞ്ജയ് സിങ്.
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിങ്ങിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. മദ്യനയക്കേസിൽ അറസ്റ്റിലായ സഞ്ജയ് സിങ് ആറു മാസത്തോളമായി ജയിലിലായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി വരാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ ആം ആദ്മി പാർട്ടി നേതാവാണ് സഞ്ജയ് സിങ്. അദ്ദേഹത്തിന് രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടാമെന്നും കോടതി വ്യക്തമാക്കി. മനു അഭിഷേക് സിങ്‌വിയാണ് സഞ്ജയ് സിങ്ങിന് വേണ്ടി ഹാജരായത്.
സഞ്ജയ് സിങ് ആണ് മദ്യനയ അഴിമതിയിൽ പണം വാങ്ങിയത് എന്നായിരുന്നു ഇ.ഡി വാദം. എന്നാൽ ഇതിന് ഒരു തെളിവ് പോലും ഹാജരാക്കാൻ ഇ.ഡിക്ക് കഴിഞ്ഞില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള ആം ആദ്മി പാർട്ടി നേതാക്കളെല്ലാം ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിലാണ്.