< Back
India
പികെ മതത്തിന് എതിരല്ല; വർഷങ്ങൾക്ക് ശേഷം വിവാദങ്ങളോട് പ്രതികരിച്ച് ആമിർ ഖാൻ
India

'പികെ മതത്തിന് എതിരല്ല'; വർഷങ്ങൾക്ക് ശേഷം വിവാദങ്ങളോട് പ്രതികരിച്ച് ആമിർ ഖാൻ

Web Desk
|
15 Jun 2025 1:51 PM IST

'ഹിന്ദുവും മുസ്‌ലിമും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുമ്പോൾ അത് എല്ലായ്പ്പോഴും ലവ് ജിഹാദ് അല്ല'

മുംബൈ: 2014ൽ രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യ ചിത്രമാണ് 'പികെ'. ആമിർ ഖാൻ നായകാനായെത്തിയ ചിത്രത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.

ചിത്രം പുറത്തിറങ്ങിയതിനുശേഷം സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്നിരുന്ന ആരോപണങ്ങൾക്ക് ആമിർ ഖാൻ വർഷങ്ങൾക്ക് ശേഷം മറുപടി നൽകിയിരിക്കുകയാണ്. 'പികെ' മതത്തെ ലക്ഷ്യം വച്ചുള്ളതാണെന്നും ലവ് ജിഹാദിനെ പിന്തുണയ്ക്കുന്നുമെന്ന ആരോപണങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്.

അവർ പറയുന്നത് തെറ്റാണ്. ഞങ്ങൾ ഒരു മതത്തിനും എതിരല്ല. ഞങ്ങൾ എല്ലാ മതങ്ങളെയും എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നു. സാധാരണക്കാരെ വിഡ്ഢികളാക്കാൻ വേണ്ടി മതത്തെ ചൂഷണം ചെയ്യുന്നവരെക്കുറിച്ച് ജാഗ്രത പാലിക്കാൻ മാത്രമാണ് ആ സിനിമ നമ്മോട് പറയുന്നതെന്ന് ആമിർ ഖാൻ പറഞ്ഞു.

എല്ലാ മതങ്ങളിലും നിങ്ങൾക്ക് ഇതുപോലുള്ള ആളുകളെ കണ്ടെത്താൻ കഴിയുമെന്നും അതായിരുന്നു സിനിമയുടെ ഏക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചചേർത്തു. ചിത്രത്തിൽ ഒരു ഇന്ത്യൻ ഹിന്ദു യുവതി (അനുഷ്ക ശർമ്മ) ഒരു പാകിസ്താനി യുവാവിനെ (സുശാന്ത് സിംഗ് രജ്പുത് ) വിവാഹം കഴിക്കാൻ ശ്രമിക്കുന്ന രംഗത്തെക്കുറിച്ച് ആമിർ തന്റെ അഭിപ്രായം വ്യക്തമാക്കി. രണ്ട് മതങ്ങളിൽ നിന്നുള്ള ആളുകൾ, പ്രത്യേകിച്ച് ഹിന്ദുവും മുസ്‌ലിമും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുമ്പോൾ, അത് എല്ലായ്പ്പോഴും ലവ് ജിഹാദ് അല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് വെറും മനുഷ്യത്വം മാത്രമാണെന്നും അത് മതത്തിന് മുകളിലാണെന്നും ആമിർ പറഞ്ഞു. തന്റെ സഹോദരിമാരും മകളും ഹിന്ദു പുരുഷന്മാരെ വിവാഹം കഴിക്കുന്നത് ലവ് ജിഹാദാണോ എന്നും അദ്ദേഹം ചോദിച്ചു. ആമിർ ഖാൻ 1988ൽ റീന ദത്ത, 2005ൽ കിരൺ റാവു എന്നീ രണ്ട് ഹിന്ദു സ്ത്രീകളെയാണ് വിവാഹം കഴിച്ചത്. തന്റെ കുട്ടികളുടെ പേരുകൾ ഇറ ഖാൻ, ജുനൈദ് ഖാൻ, ആസാദ് റാവു ഖാൻ എന്നിങ്ങനെയാണെന്നും കുട്ടികൾക്ക് ഭാര്യമാരാണ് പേരിട്ടിരിക്കുന്നതെന്നും തന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts