< Back
India
Tihar Jail
India

കെജ്‌രിവാളിന്റെ ആരോഗ്യനില: എ.എ.പി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ജയിൽ അധികൃതർ

Web Desk
|
15 July 2024 5:11 PM IST

ജയിലിൽ കഴിയവെ കെജ്‌രിവാളിന്റെ ഭാരം 8.5 കിലോ കുറഞ്ഞതായി എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു.

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാക്കൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് തിഹാർ ജയിൽ അധികൃതർ.

ജയിലിൽ കെജ്‌രിവാളിന്റെ രക്തസമ്മർദവും പഞ്ചസാരയുടെ അളവും പതിവായി നിരീക്ഷിച്ചിരുന്നതായും അധികൃതര്‍ വിശദീകരിച്ചു.

ജയിലിൽ കഴിയവെ കെജ്‌രിവാളിന്റെ ഭാരം 8.5 കിലോ കുറഞ്ഞതായി എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു. ഇത് ഗുരുതരമായ രോഗ ലക്ഷണമാകുമെന്നും മുഖ്യമന്ത്രിയെ ജയിലിൽ അടച്ച് ആരോഗ്യം കൊണ്ട് കളിക്കാൻ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം കെജ്‌രിവാളിന്റെ ശരീരഭാരം 65ൽ നിന്ന് 61.5 കിലോ ആയി കുറഞ്ഞിട്ടുണ്ടെന്നും അത് കുറഞ്ഞ അളവിലുള്ള ഭക്ഷണം അല്ലെങ്കിൽ കുറഞ്ഞ കലോറി ഉപഭോഗം മൂലമാകാമെന്നും ഡൽഹി സർക്കാരിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് അയച്ച കത്തിൽ തിഹാർ ജയിൽ സൂപ്രണ്ട് വ്യക്തമാക്കുന്നു.

മദ്യനയ അഴിമതിയിലെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റുചെയ്തത്. പിന്നീട് ജൂൺ 26ന് സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ കെജ്‌രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്.

Similar Posts