< Back
India
വീട്ടിലും രക്ഷയില്ല; ആംആദ്മി എം.എൽ.എയുടെ മുഖത്തടിച്ച് ഭർത്താവ്- വീഡിയോ വൈറല്‍
India

'വീട്ടിലും രക്ഷയില്ല'; ആംആദ്മി എം.എൽ.എയുടെ മുഖത്തടിച്ച് ഭർത്താവ്- വീഡിയോ വൈറല്‍

Web Desk
|
2 Sept 2022 12:34 PM IST

സംഭവം ഞെട്ടിച്ചെന്ന് വനിതാ കമ്മീഷൻ

പഞ്ചാബ്: രാജ്യത്ത് സ്ത്രീകൾക്കെതിരായി കുറ്റകൃത്യങ്ങൾ വർധിക്കുന്നെന്ന കണക്ക് കഴിഞ്ഞദിവസാണ് സർക്കാർ തന്നെ പുറത്ത് വിട്ടത്. ഇതിനിടയിലാണ് ജനപ്രതിനിധിയ്ക്ക് ഭർത്താവിന്റെ മർദനമേൽക്കുന്ന വീഡിയോ പഞ്ചാബിൽ നിന്ന് പുറത്ത് വന്നത്.

ആം ആദ്മി പാർട്ടിയുടെ (എ.എ.പി) എം.എൽ.എയായ ബൽജീന്ദർ കൗറിനെ ഭർത്താവ് മുഖത്തടിക്കുന്നതാണ് വീഡിയോയിൽ. എംഎൽഎയുടെ പഞ്ചാബിലെ വീട്ടിൽ വെച്ചാണ് മർദനമേറ്റത്. എം.എൽ.എയെ ആക്രമിക്കുന്നത് കണ്ട ആളുകൾ ഭർത്താവുമായി തട്ടിക്കയറുന്നതും വീഡിയോയിൽ കാണാം. പിന്നീട് ഭർത്താവിന്റെ അടുത്തേക്ക് സംസാരിച്ച് എംഎൽഎ വീണ്ടുമെത്തുകയും അതിനിടെ പ്രകോപിതനായി എഴുന്നേറ്റ് ഭർത്താവ് അവരുടെ മുഖത്ത് തല്ലുന്നതും ചുറ്റുമുള്ള ആളുകൾ അയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.

വീഡിയോ പുറത്ത് വന്നതോടെ നിരവധി പേർവിഷയത്തിൽ പ്രതികരണവുമായി എത്തി.സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ മനീഷ ഗുലാത്തി പറഞ്ഞു. ബൽജീന്ദർ കൗറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. പൊതുപ്രശ്നങ്ങൾ ഉന്നയിക്കുന്ന ഒരു സ്ത്രീക്ക് വീട്ടിൽ പീഡനം നേരിടേണ്ടിവരുന്നത് അസ്വസ്ഥമാക്കുന്നെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞതായി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞദിവസം പുറത്തുവന്ന എൻസിആർബിയുടെ റിപ്പോർട്ട് അനുസരിച്ച്, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പഞ്ചാബിൽ 17 ശതമാനം വർധനയുണ്ടായിരിക്കുന്നത്. 2020 ൽ 4,838 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2021 ൽ അത് 5,662 ആയി.2021-ൽ ആകെ 508 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2020 ൽ ഇത് 504 ആയിരുന്നു.

Similar Posts