< Back
India
വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രയും മെട്രോ നിരക്കിൽ 50 ശതമാനം ഇളവും; വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാൾ
India

വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രയും മെട്രോ നിരക്കിൽ 50 ശതമാനം ഇളവും; വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാൾ

Web Desk
|
17 Jan 2025 9:04 PM IST

ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രയും മെട്രോ നിരക്കിൽ 50 ശതമാനം ഇളവും വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് 50 ശതമാനം യാത്രാ ഇളവ് നൽകണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അരവിന്ദ് കെജ്‌രിവാൾ കത്തെഴുതി.

വിദ്യാർഥികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ ഈ സംരംഭത്തിൻ്റെ ചെലവ് പങ്കിടുന്നതിൽ ഡൽഹി സർക്കാരുമായി സഹകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കെജ്‌രിവാൾ പറഞ്ഞു. പണമില്ലാത്തതു കാരണം സ്കൂളിൽ പോകാൻ കഴിയാത്ത വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നഷ്ടപെടരുത് എന്ന ആവശ്യമാണ് കെജ്‌രിവാൾ മുന്നോട്ടു വെക്കുന്നത്.

പദ്ധതി സർക്കാരിന്റെ പരിഗണയിലാണെന്നും ഇക്കാര്യങ്ങൾ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. ഡൽഹി നഗരത്തിലെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന നിലവിലുള്ള പദ്ധതി വിപുലീകരിച്ചുകൊണ്ടാണ് വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര പദ്ധതി കൊണ്ടുവരുന്നത്.

ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. എഎപി, ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ ശക്തമായ മത്സരമാണ് തലസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. ഇതിനകം തന്നെ മൂന്ന് പാര്‍ട്ടികളും പല വാഗ്ദാനങ്ങളും നല്‍കി കഴിഞ്ഞു.

Similar Posts