
പഞ്ചാബിൽ ആംആദ്മി പാർട്ടി സർപഞ്ചിനെ വിവാഹ ചടങ്ങിൽ വെടിവച്ച് കൊന്നു
|തലയ്ക്ക് വെടിയേറ്റ് സിങ് നിലത്തുവീണതോടെ അക്രമികൾ ഓടിരക്ഷപെടുകയും ചെയ്തു.
ഛണ്ഡീഗഢ്: വിവാഹ ചടങ്ങിൽ പങ്കെടുക്കവെ പഞ്ചാബിൽ ആം ആദ്മി പാർട്ടി സർപഞ്ചിനെ വെടിവച്ച് കൊന്നു. താൻ തരൺ ജില്ലയിലെ സർപഞ്ചായ ജർമൽ സിങ്ങാണ് കൊല്ലപ്പെട്ടത്. അമൃത്സറിലെ ഒരു റിസോർട്ടിൽ ഞായറാഴ്ചയായിരുന്നു സംഭവം.
അതിഥികൾക്കൊപ്പം കസേരയിൽ ഇരിക്കുകയായിരുന്നു സിങ്. ഈ സമയം ഒരു സംഘം യുവാക്കൾ കയറിവരികയും അവരിൽ ഒരാൾ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയുമായിരുന്നു. തലയ്ക്ക് വെടിയേറ്റ് സിങ് നിലത്തുവീണതോടെ അക്രമികൾ ഓടിരക്ഷപെടുകയും ചെയ്തു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ ആളുകൾ സിങ്ങിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. രണ്ട് തവണയാണ് അക്രമികൾ സിങ്ങിന് നേരെ വെടിയുതിർത്തത്. മുമ്പ് മൂന്ന് തവണ വധശ്രമങ്ങളിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൊലയാളികളെ എത്രയും വേഗം തിരിച്ചറിയാനാണ് ശ്രമം. ശക്തമായ നടപടിയുണ്ടാകും- ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജഗ്ജിത് വാലിയ പറഞ്ഞു.
പ്രതികളെ കണ്ടെത്താൻ റിസോർട്ടിലെ ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.