
അയൽവാസിയുടെ നായയുടെ കുര; സ്വസ്ഥമായി ഉറങ്ങാനാകാതെ ഒടുവിൽ അബ്ദുൽ റസാഖ് മടങ്ങി
|റസാഖിന്‍റെ മരണശേഷമാണ് മനുഷ്യാവകാശ കമ്മീഷന്‍റെ അനുകൂല ഉത്തരവെത്തുന്നത്
കോഴിക്കോട്: അര്‍ബുദം ശരീരത്തെ കാര്‍ന്നുതിന്നുന്ന വേദനക്കിടയിൽ എങ്ങനെയെങ്കിലും ഒന്നുറങ്ങിയാൽ മതിയെന്നായിരുന്നു അബ്ദുൽ റസാഖിന്. എന്നാൽ ഒന്ന് കണ്ണടയ്ക്കാൻ തുടങ്ങുമ്പോഴായിരിക്കും അയൽവാസി റോയിയുടെ വീട്ടിലെ നായയുടെ നിര്‍ത്താതെയുള്ള കുര. രോഗം ബാധിച്ചതിന് ശേഷം സ്വസ്ഥമായി ഉറങ്ങാൻ റസാഖിന് സാധിച്ചിട്ടില്ല. ഒടുവിൽ സമാധാനമായി ഉറങ്ങാനാകാതെയാണ് റസാഖ് അവസാന യാത്ര പോയത്. കഴിഞ്ഞ ആഗസ്ത് 4നാണ് കോഴിക്കോട് തിരുവണ്ണൂര്‍ മാനാരിയിലെ വി.വി അബ്ദുൽ റസാഖ് ഈ ലോകത്തോട് വിട പറഞ്ഞത്.
റസാഖിന്‍റെ മരണശേഷമാണ് മനുഷ്യാവകാശ കമ്മീഷന്‍റെ അനുകൂല ഉത്തരവെത്തുന്നത്. അര്‍ബുദ രോഗിയുടെ സമാധാന ജീവിതത്തിന് നായയുടെ കുര തടസമാകുന്നതിനാൽ പരാതിയിൽ മാനുഷിക സമീപനത്തോടെ പരിഹാരമുണ്ടാകണമെന്നായിരുന്നു നിര്‍ദേശം.
റസാഖിന്‍റെ വീടിന്‍റെ കിടപ്പുമുറിയോട് ചേര്‍ന്നായിരുന്നു അയൽക്കാരന്‍റെ നായക്കൂട്. വര്‍ങ്ങൾക്ക് മുൻപ് മകൾക്ക് കുഞ്ഞുണ്ടായപ്പോൾ കൂട് മാറ്റാൻ റസാഖ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റോയി ഇത് ചെവിക്കൊണ്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ റസാഖിന് അര്‍ബുദം സ്വീകരിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. നായയുടെ കുര കാരണം ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയായി. വേദനയും ഉറങ്ങാനാവാത്തതിന്‍റെ ബുദ്ധിമുട്ടും മൂലം വിഷമിക്കുന്ന ഭര്‍ത്താവിനെ കണ്ട് ഭാര്യ കെ.സീനത്ത് പൊലീസിലും കോര്‍പ്പറേഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകുകയായിരുന്നു.
റസാഖിന്‍റെ ആരോഗ്യനില വഷളായതോടെ മകളും ഗൈനക്കോളജിസ്റ്റുമായ വി.വി ഷാനിബ വയനാട്ടിലേക്ക് സ്ഥലമാറ്റംവാങ്ങി. പിതാവിനെയും കൊണ്ട് താമസം മാറി. തുടര്‍ന്ന് അവിടെ നിന്നായിരുന്നു കീമോ ചികിത്സക്കായി എംവിആര്‍ ക്യാൻസര്‍ സെന്‍ററിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടര്‍ന്ന് ജൂലൈ അവസാനത്തോടെ നായക്കൂട് ഒരു മീറ്റര്‍ മാറ്റിയിരുന്നു. കൂട് കിടപ്പുമുറിയുടെ ഭാഗത്ത് നിന്ന് മാറ്റണമെന്നും രാത്രിയിൽ നായയെ പുറത്തിറക്കരുതെന്നും ആവശ്യപ്പെട്ട് സീനത്ത് വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് മനുഷ്യാവാശ കമ്മീഷന്‍റെ ഉത്തരവെത്തുന്നത്. തന്‍റെ മകളുടെ കുഞ്ഞെങ്കിലും സ്വസ്ഥമായി ഉറങ്ങട്ടെയെന്നാണ് സീനത്ത് പറയുന്നത്.