< Back
India
പഞ്ചാബില്‍ എ.എ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വെ
India

പഞ്ചാബില്‍ എ.എ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വെ

Web Desk
|
9 Oct 2021 12:06 PM IST

അമരീന്ദര്‍-സിദ്ദു പോരില്‍ ആടിയുലഞ്ഞ പഞ്ചാബിലെ കോണ്‍ഗ്രസ് രാഷ്ട്രീയം ആം ആദ്മി പാര്‍ട്ടിക്ക് ഗുണകരമാകും എന്നാണ് എബിപി-സി വോട്ടര്‍ സര്‍വെ പറയുന്നത്

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വെ. കോണ്‍ഗ്രസില്‍ പാളയത്തില്‍ പട തുടരുന്നതിനിടെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എബിപി-സി വോട്ടര്‍ സര്‍വെ പ്രവചിക്കുന്നു.

അമരീന്ദര്‍-സിദ്ദു പോരില്‍ ആടിയുലഞ്ഞ പഞ്ചാബിലെ കോണ്‍ഗ്രസ് രാഷ്ട്രീയം ആം ആദ്മി പാര്‍ട്ടിക്ക് ഗുണകരമാകും എന്നാണ് എബിപി-സി വോട്ടര്‍ സര്‍വെ പറയുന്നത്. ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. എഎപി 35.9 ശതമാനം വോട്ടും കോണ്‍ഗ്രസ് 31.8 ശതമാനം വോട്ടും നേടുമെന്നാണ് സര്‍വെ ഫലം. ബിജെപിക്ക് നാല് ശതമാനം വോട്ടാണ് സര്‍വെ പ്രവചിക്കുന്നത്. 117 അംഗ സഭയില്‍ 49 മുതല്‍ 55 സീറ്റുകള്‍ എഎപി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 39 മുതല്‍ 47 സീറ്റില്‍ ഒതുങ്ങും. അകാലിദളിന് 17 മുതല്‍ 25 സീറ്റ് കിട്ടുമെന്നും ബിജെപിക്ക് ഒരു സീറ്റ് മാത്രമേ കിട്ടൂ എന്നുമാണ് സര്‍വെ പറയുന്നത്. മറ്റുള്ളവര്‍ക്കും ഒരു സീറ്റ് കിട്ടാമെന്നും എബിപി-സി വോട്ടര്‍ സര്‍വെ പ്രവചിക്കുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ ബിജെപിക്ക് അധികാരത്തുടര്‍ച്ചയാണ് എബിപി-സി വോട്ടര്‍ സര്‍വെ പ്രവചിക്കുന്നത്. ബിജെപി 41.3 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‍വാദി പാര്‍ട്ടി 32.4 ശതമാനം വോട്ട് നേടും. ബിഎസ്പി 14.7 ശതമാനം വോട്ട് നേടുമ്പോള്‍ കോണ്‍ഗ്രസിന് ലഭിക്കുക 5.6 ശതമാനം വോട്ട് മാത്രമാകുമെന്നും സര്‍വെ പറയുന്നു. അതേസമയം ലഖിംപുര്‍ ഖേരിയിലെ കര്‍ഷക കൊലപാതകത്തിന് ഒരു മാസം മുന്‍പ് നടത്തിയ സര്‍വെയുടെ ഫലമാണ് ഇതെന്നതും ശ്രദ്ധേയമാണ്.

സര്‍വെ പറയുന്നത് ഉത്തര്‍പ്രദേശില്‍ ബിജെപി 241 മുതല്‍ 249 സീറ്റ് നേടുമെന്നാണ്. സമാജ്‍വാദി പാര്‍ട്ടിക്ക് 130 മുതല്‍ 138 സീറ്റും ബിഎസ്പിക്ക് 15 മുതല്‍ 19 സീറ്റും സര്‍വെ പ്രവചിക്കുന്നു. അതേസമയം കോണ്‍ഗ്രസിന് മൂന്ന് മുതല്‍ ഏഴ് സീറ്റ് മാത്രമേ കിട്ടൂ എന്നും സര്‍വെ പറയുന്നു.



Similar Posts