< Back
India
ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്രം
India

ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്രം

Web Desk
|
20 Jun 2025 2:32 PM IST

2026 ജനുവരി ഒന്നുമുതല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധം

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗതവകുപ്പ്. ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും 2026 ജനുവരി ഒന്നുമുതല്‍ എബിഎസ് ( ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) നിര്‍ബന്ധമാക്കിയിരിക്കുകയാണ്. റോഡപകടങ്ങളും മരണങ്ങളും കുറച്ച് സുരക്ഷ വര്‍ധിപ്പിക്കാനാണ് പുതിയ നീക്കമെന്ന് റോഡ്ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചു.

നിലവില്‍ 125 സിസി കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിര്‍ബന്ധം. ഏകദേശം 40 ശതമാനം ഇരുചക്രവാഹനങ്ങള്‍ക്കും ഈ സുരക്ഷാഫീച്ചര്‍ സജ്ജീകരിച്ചിട്ടില്ല. യാത്രക്കാരന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ ബലമായി ബ്രേക്ക് ഇടുമ്പോഴോ ടയറുകള്‍ ലോക്ക് ചെയ്യപ്പെടുന്നത് തടയാന്‍ എബിഎസ് സഹായിക്കും. ഓടിക്കുന്ന വ്യക്തിക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താനും തെന്നിമാറുന്നതും അപകടം സംഭവിക്കുന്നതും തടയാന്‍ ഇത് സഹായിക്കും.

അപകടം സംഭവിക്കുന്നത് എബിഎസ് കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ എബിഎസിന് പുറമെ പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ബിഐഎസ് സര്‍ട്ടിഫൈഡ് ചെയ്ത രണ്ട് ഹെല്‍മറ്റുകളും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ ഒരു ഹെല്‍മറ്റ് മാത്രമേ ആവശ്യമുള്ളു. രണ്ട് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിലൂടെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ടുപേരുടെ സുരക്ഷയും ഉറപ്പാക്കാന്‍ സാധിക്കും.

റോഡ് സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പുതിയ മാറ്റങ്ങള്‍. ഇന്ത്യയിലെ റോഡ് അപകടങ്ങളില്‍ മരിക്കുന്നവരില്‍ 44 ശതമാനവും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. ഇതില്‍ ഭൂരിഭാഗം ആളുകളും മരിക്കുന്നത് തലക്കേല്‍ക്കുന്ന ആഘാതം മൂലമാണ്. ഹെല്‍മറ്റ് ധരിക്കുന്നില്ല എന്നാണ് കണ്ടെത്തല്‍. ഈ നിയമങ്ങളെക്കുറിച്ച് ഗതാഗതവകുപ്പ് ഉടന്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കും. നിയമം പ്രാവര്‍ത്തികമായാല്‍ രാജ്യത്തിലെ ഇരുചക്രവാഹന യാത്രക്കാരുടെ എല്ലാം സുരക്ഷ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

Similar Posts