
Photo| Special Arrangement
ഇഫ്ലു ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി: എബിവിപി, പൊലീസ് അതിക്രമ ഇരകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
|പൊലീസിനെ ആക്രമിച്ചു, മറ്റൊരു രാജ്യത്തെ പിന്തുണയ്ക്കാനായി ഇന്ത്യയെ അപമാനിച്ചു എന്നീ ആരോപണങ്ങളുന്നിച്ചാണ് നടപടി.
ന്യൂഡൽഹി: ഇഫ്ലു വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് നേരെ എബിവിപിയും തെലങ്കാന പൊലീസും നടത്തിയ ആക്രമണത്തിൽ ഇരകളായവർക്ക് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വിദ്യാർഥി യൂനിയൻ ഭാരവാഹികളായ വികാസ്, ദീന, ആർദ്ര, യൂണിയൻ ജോയിൻ്റ് സെക്രട്ടറിയും ഫ്രറ്റേണിറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നൂറ മൈസൂൻ, ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷാഹീൻ എന്നിവർക്കെതിരെയാണ് കേസ്.
പൊലീസിനെ ആക്രമിച്ചു, മറ്റൊരു രാജ്യത്തെ പിന്തുണയ്ക്കാനായി ഇന്ത്യയെ അപമാനിച്ചു എന്നീ ആരോപണങ്ങളുന്നിച്ചാണ് ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. വിദ്യാർഥികളെ മർദിക്കുകയും തോക്ക് ചൂണ്ടുകയും പെൺകുട്ടികളെ കൈയേറ്റം ചെയ്യുകയും ചെയ്ത പൊലീസ് നടപടി മറച്ചുവയ്ക്കാനും എബിവിപി ആക്രമണത്തിൽ നിന്നും ഇഫ്ലു അധികാരികളുടെ സംഘ്പരിവാർ പ്രീണനത്തിൽ നിന്നും ശ്രദ്ധതിരിക്കാനുമാണ് പൊലീസ് കേസെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ആരോപിച്ചു.
കേസ് പിൻവലിക്കാൻ തെലങ്കാന പൊലീസ് തയാറാവണമെന്നും വിഷയത്തെ രാജ്യവിരുദ്ധമായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ സമൂഹം ചെറുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ആവശ്യപ്പെട്ടു.