< Back
India
മൂസെവാലയെ കൊന്നവർ സൽമാൻ ഖാനെയും വധിക്കാൻ പദ്ധതിയിട്ടു
India

മൂസെവാലയെ കൊന്നവർ സൽമാൻ ഖാനെയും വധിക്കാൻ പദ്ധതിയിട്ടു

Web Desk
|
11 Sept 2022 5:05 PM IST

സല്‍മാന്റെ യാത്രയും വീടും സംഘം നിരീക്ഷിച്ചെന്നും പൊലീസ് വെളിപ്പെടുത്തി.

ചണ്ഡീ​ഗഢ്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ബോളിവുഡ് നടൻ സൽമാൻ ഖാനെയും വധിക്കാൻ പദ്ധതിയിട്ടു. പഞ്ചാബ് പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ പിടിയിലായ കപിൽ പണ്ഡിറ്റ് ആണ് ചോദ്യം ചെയ്യലിൽ ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.

സൽമാൻ ഖാനെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് ഗുണ്ടാസംഘം ദിവസങ്ങളോളം മുംബൈയിൽ തങ്ങിയെന്നും പഞ്ചാബ് പൊലീസ് പറയുന്നു. സല്‍മാന്റെ യാത്രയും വീടും സംഘം നിരീക്ഷിച്ചെന്നും പൊലീസ് വ്യക്തമാക്കി. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ നേതാവ് ഗോൾഡീ ബ്രാർ ആണ് ക്വട്ടേഷന്‍ നൽകിയതെന്ന് ഡി.ജി.പി ഗൗരവ് യാദവ് പറഞ്ഞു.

കേസിലെ അവസാന പ്രതിയായ ദീപക് മുണ്ടിയെയും ഇയാളുടെ രണ്ട് കൂട്ടാളികളായ കപിൽ പണ്ഡിറ്റിനെയും രജീന്ദറിനെയും പശ്ചിമ ബംഗാൾ-നേപ്പാൾ അതിർത്തിക്ക് സമീപം നേപ്പാൾ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ‍ പുറത്തുവന്നത്. ഇവരെ മാൻസ കോടതിയിൽ ഹാജരാക്കി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റ‍ഡിയിൽ റിമാൻഡ് ചെയ്തു.

സൽമാൻ ഖാനെ ആക്രമിക്കാൻ ലോറൻസ് ബിഷ്‌ണോയ് നടത്തിയ നീക്കത്തിൽ പ്രതികളിലൊരാളായ കപിൽ പണ്ഡിറ്റിനും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ മറ്റു പ്രതികളേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് മേധാവി ഗൗരവ് യാദവ് പറഞ്ഞു. അഞ്ജാതരില്‍ നിന്ന് വധഭീഷണി ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ സൽമാൻ ഖാന് തോക്ക് ഉപയോ​ഗിക്കാനുള്ള ലൈസൻസ് മുംബൈ പൊലീസ് അനുവദിച്ചിരുന്നു. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയത്.

ജൂണിലാണ്, സൽമാൻ ഖാനും പിതാവ് സലിംഖാനുമെതിരായ വധഭീഷണി ഉണ്ടായത്. മുംബൈയിലെ ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് വധഭീഷണി കത്ത് കണ്ടെത്തിയത്. ഇരുവരുടേയും പേരു പറഞ്ഞിട്ടുള്ള കത്തിൽ "മൂസെവാലയെ കൊന്നതു പോലെ നിങ്ങളേയും കൊലപ്പെടുത്തും" എന്ന ഭീഷണിയാണ് ഉണ്ടായിരുന്നത്.

സംഭവത്തിൽ ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് ആദ്യം കണ്ടതെന്ന് പൊലീസ് പറഞ്ഞിരുന്നു. സലിംഖാൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാൻഡ് പരിസരത്ത് പതിവായി നടക്കാൻ പോകാറുണ്ട്. അവർ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞിരുന്നു.

സൽമാൻ ഖാന്റെ അഭിഭാഷകൻ ഹസ്തിമൽ സരസ്വതിനും ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് ഭീഷണി കത്ത് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ചേംബറിന് പുറത്തുനിന്നാണ് കത്ത് ലഭിച്ചത്. "മൂസെവാലയുടെ അതേ വിധി നിങ്ങൾക്കും നേരിടേണ്ടിവരും" എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. സിദ്ദുവിന്റെ കൊലപാതകത്തിൽ 23 പേരാണ് അറസ്റ്റ് ചെയ്ത്. രണ്ടു പ്രതികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

Similar Posts