< Back
India
ധർമ്മസ്ഥലക്കേസിൽ വീണ്ടും നടപടി; ചിന്നയ്യയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തിമറോഡിയെ നാടുകടത്തി
India

ധർമ്മസ്ഥലക്കേസിൽ വീണ്ടും നടപടി; ചിന്നയ്യയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തിമറോഡിയെ നാടുകടത്തി

Web Desk
|
24 Sept 2025 8:41 PM IST

2012ൽ ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സൗജന്യയുടെ(17) കുടുംബത്തിന് നീതി നേടി പ്രവർത്തിക്കുന്ന ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാനാണ് തിമറോഡി

മംഗളൂരു: ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിലെ പരാതിക്കാരനായ സാക്ഷിയും പിന്നീട് പ്രതിയുമായ മാണ്ഡ്യ സ്വദേശി ചിന്നയ്യയെ ബെൽത്തങ്ങാടി പ്രിൻസിപ്പൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 183 പ്രകാരമുള്ള പുതിയ മൊഴി രേഖപ്പെടുത്താൻ ശിവമൊഗ്ഗ ജയിലിൽ നിന്നാണ് ചിന്നയ്യയെ കൊണ്ടുവന്നത്. വ്യാഴാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.

ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന വെളിപ്പെടുത്തൽ നടത്തി രംഗത്ത് വന്നതാണ് ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയായിരുന്ന ചിന്നയ്യ. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ഇതേ കോടതി തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് അറിയിച്ചതിനാൽ സംരക്ഷണ നിയമത്തിന്റെ പരിരക്ഷ ലഭ്യമാക്കി. ആളെ തിരിച്ചറിയാൻ കഴിയാത്തവിധം ശരീരം പൊതിഞ്ഞായിരുന്നു സാക്ഷിയെ പ്രത്യേക അന്വേഷണ സംഘം മനുഷ്യാവശിഷ്ടം തേടിയുള്ള ഖനനത്തിനും അന്വേഷണത്തിനും കൊണ്ടു നടന്നത്.

ജുലൈ 19ന് കർണാടക സർക്കാർ രൂപവത്കരിച്ച എസ്ഐടി അന്വേഷണം തുടരുന്നതിനിടെ ആഗസ്റ്റ് 18 ന് ചിന്നയ്യ ഹാജരാക്കിയ തെളിവുകളിലും പിന്നീടുള്ള മൊഴികളിലും പൊരുത്തക്കേടുകൾ കണ്ടെത്തി. ഇതേത്തുടർന്ന് സംരക്ഷണം പിൻവലിച്ച് പ്രതിയാക്കി അറസ്റ്റ് ചെയ്തു. ശിവമോഗ്ഗ ജയിലിൽ തടവുകാരനാണിപ്പോൾ ചിന്നയ്യ.

ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിൽ കൂട്ട ശവസംസ്കാരം, പി.യു കോളജ് വിദ്യാർഥിനി സൗജന്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം തുടങ്ങി ധർമ്മസ്ഥലയിലെ സമരങ്ങളുടെ മുൻനിര പ്രവർത്തകൻ മഹേഷ് ഷെട്ടി തിമറോഡിയെ നാടുകടത്തി. റായ്ച്ചൂർ ജില്ലയിലെ മാൻവി താലൂക്കിലേക്ക് ഒരു വർഷത്തേക്കാണ് നാടുകടത്തിയത്.

2012ൽ ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സൗജന്യയുടെ(17) കുടുംബത്തിന് നീതി നേടി പ്രവർത്തിക്കുന്ന ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാനായ തിമറോഡി കൂട്ട ശവസംസ്കാരവുമായി ബന്ധപ്പെട്ട സമരങ്ങളിലും സജീവമായിരുന്നു. തിമറോഡിക്കെതിരെ ഒന്നിലധികം പൊലീസ് സ്റ്റേഷനുകളിലായി 32 ഓളം കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് ബെൽത്തങ്ങാടി പൊലീസ് അസി.പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച കേസുകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടിൽ പറഞ്ഞു.

Similar Posts