< Back
India
Activists approach court after Assam CM shooting video against muslims
India

'ഹിമന്ത അടക്കമുള്ളവരുടെ മുസ്‌ലിം വിരുദ്ധ നീക്കങ്ങളിൽ കോടതി ഇടപെടണം'; പൊതുതാത്പര്യ ഹരജിയുമായി സാമൂഹിക പ്രവർത്തകർ

ഷിയാസ് ബിന്‍ ഫരീദ്
|
9 Feb 2026 7:24 PM IST

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ വിദ്വേഷ പരാമർശങ്ങളും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ 'കത്മുള്ള' പരാമർശങ്ങളും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും മറ്റ് ബിജെപി മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടേയും മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കും നീക്കങ്ങൾക്കുമെതിരെ സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹരജി. സാമൂഹിക പ്രവർത്തകരായ 12 പ്രമുഖരാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഉന്നത പദവികൾ വഹിക്കുന്ന വ്യക്തികളുടെ ഇത്തരം പരാമർശങ്ങളും പ്രവൃത്തികളും ഭരണഘടനാ ഉത്തരവാദിത്തങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഉന്നത ഭരണഘടനാ ചുമതല വഹിക്കുന്നവർ വിദ്വേഷം വളർത്തുകയും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നത് തുടരുകയാണെന്ന് പൊതുതാത്പര്യ ഹരജിയിൽ പറയുന്നു. രൂപ് രേഖ വർമ, മുൻ ലെഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, ജോൺ ദയാൽ ഉൾപ്പെടെ 12 സാമൂഹിക പ്രവർത്തകരാണ് വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ചത്.

അസമിലെ മിയ മുസ്‌ലിംകൾക്കെതിരായ പരാമർശങ്ങൾക്ക് പുറമേ, വെള്ളപ്പൊക്ക ജിഹാദ് ഉൾപ്പെടെയുള്ളവ, ഒരു പ്രത്യേക മതവിഭാഗത്തിലെ അംഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണം എന്നതടക്കമുള്ള ഹിമന്തയുടെ പ്രസ്താവനകളും ഹരജിയിൽ ഉദ്ധരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും സമാനമായ വിഭാ​ഗീയ- വിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ഹരജിക്കാർ വ്യക്തമാക്കുന്നു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ വിദ്വേഷ പരാമർശങ്ങളും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ നടത്തിയ 'കത്മുള്ള' പരാമർശങ്ങളും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്‌ലിംകളെ 'പാകിസ്താനി പിമ്പുകൾ' എന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവനകളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പരാമർശങ്ങളും ഹരജിയിൽ പരാമർശിക്കുന്നു.

മുസ്‌ലിംകൾക്കെതിരെ പ്രതീകാത്മകമായി പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കുന്ന ഹിമന്ത ബിശ്വ ശർമയുടെ വീഡിയോ ആണ് അസം ബിജെപി ഔദ്യോ​ഗിക സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചത്. ഇതിൽ വ്യാപക പ്രതിഷേധവും വിമർശനവുമാണ് ഹിമന്തയ്ക്കും ബിജെപിക്കുമെതിരെ ഉണ്ടായത്. ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം രം​ഗത്തെത്തുകയും ചെയ്തു. ഹിമന്തയുടേത് ഫാസിസത്തിന്റെ മുഖമാണെന്നും കൂട്ട ആക്രമണത്തിനും വംശഹത്യക്കുള്ള ആഹ്വാനവുമാണെന്നും കോൺ​ഗ്രസ് വിമർശിച്ചു. സംഭവത്തിൽ ഹിമന്തയ്ക്കെതിരെ കോടതി ശക്തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വീഡിയോ അങ്ങേയറ്റം വെറുപ്പുളവാക്കുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്നും കേവലം ട്രോൾ ഉള്ളടക്കമായി തള്ളിക്കളയാനാവില്ലെന്നും കോൺ​ഗ്രസ് എക്സിൽ കുറിച്ചു. മുസ്‌ലിംകളുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ബിജെപി വിദ്വേഷത്തെ സാധാരണവത്കരിക്കുകയാണെന്ന് തൃണമൂൽ കോൺ​ഗ്രസ് പ്രതികരിച്ചു. ബിജെപി രക്തം തേടി അലറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ അവർ അധികാരികളെ വെല്ലുവിളിക്കുന്നു. ഒരു ഭരണകക്ഷി മുഖ്യമന്ത്രി ക്യാമറയ്ക്ക് മുന്നിൽ പ്രതീകാത്മക വംശഹത്യ നടത്തുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ എവിടെയാണ്? വംശഹത്യാ സൂചനകൾ രാഷ്ട്രീയ സന്ദേശമായി നൽകുമ്പോൾ ദേശീയമനുഷ്യാവകാശ കമ്മീഷൻ എവിടെയാണെന്നും തൃണമൂൽ ചോദിച്ചിരുന്നു.

'പോയിന്റ് ബ്ലാങ്ക് ഷൂട്ട്' എന്ന ക്യാപ്ഷനോടെയാണ് അസം ബിജെപിയുടെ പേജിൽ വീഡിയോ പങ്കുവച്ചത്. ബംഗാളി മുസ്‌ലിംകൾക്കെതിരെ ഹിമന്തയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായായിരുന്നു വീഡിയോ. തോക്ക് പിടിച്ചുനിൽക്കുന്ന മുഖ്യമന്ത്രി എഐ വഴി നിർമിച്ച മുസ്‌ലിംകളുടെ ഫോട്ടോയ്ക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ വീഡിയോ വിവാദമായതോടെ ഇത് ഡിലീറ്റ് ചെയ്തു.



Similar Posts