< Back
India
actor sahil khan arrested in mahadev betting app case
India

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്; നടൻ സാഹിൽ ഖാൻ അറസ്റ്റിൽ

Web Desk
|
28 April 2024 1:55 PM IST

ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സാഹിൽ മുംബൈ വിട്ടിരുന്നു.

മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ നടനും ബിസിനസ് സംരംഭകനുമായ സാഹിൽ ഖാൻ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ ജഗൽപൂരിൽ നിന്നും മുംബൈ ക്രൈംബ്രാഞ്ചാണ് നടനെ അറസ്റ്റ് ചെയ്തത്.

സാഹിൽ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി. കേസുമായി ബന്ധപ്പെട്ട് നടനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.

ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സാഹിൽ മുംബൈ വിട്ടിരുന്നു. തുടർന്ന് ഛത്തീസ്​ഗഢ് പൊലീസിന്റെ സഹകരണത്തോടെ നടത്തിയ 40 മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് സാഹിൽ പിടിയിലായത്. മുംബൈയിലെത്തിക്കുന്ന നടനെ കോടതിയിൽ ഹാജരാക്കും.

മഹാദേവ് വാതുവെപ്പ് ആപ്പ് ശൃംഖലയുടെ ഭാഗമായ 'ദ ലയൺ ബുക്ക് ആപ്പ്' എന്ന വാതുവെപ്പ് ആപ്പുമായി നടന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. 15,000 കോടിയുടെ തട്ടിപ്പാണ് കേസിൽ നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

സ്റ്റൈൽ, എക്സ്ക്യൂസ് മീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഹിൽ ഖാൻ അറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് നേരത്തെ ബോളിവുഡ് സെലിബ്രിറ്റികളായ രൺബീർ കപൂർ, കപിൽ ശർമ, ശ്രദ്ധ കപൂർ എന്നിവർക്ക് സമൻസ് അയച്ചതോടെയാണ് വാതുവെപ്പ് വാർത്തകളിൽ ഇടം നേടിയത്.

രാജ്യത്തുടനീളം കേസുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകൾ നടന്നിരുന്നു. ഛത്തീസ്​ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവർ ചേർന്ന് പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്. പൊലീസ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരുമായി ചന്ദ്രകറിനും ഉപ്പലിനും ബന്ധമുണ്ടെന്നും ആപ്പ് അന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെടാതിരിക്കാൻ പതിവായി പണം നൽകിയിരുന്നെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

Similar Posts