
എല്ലാം അദാനിക്ക് നൽകുന്നുവെന്ന് രാജ് താക്കറെ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നോക്കൂവെന്ന് ഫഡ്‌നാവിസ്, വാക്‌പോര്
|സിമന്റ് മുതൽ സ്റ്റീൽ വരെയുള്ള എല്ലാ മേഖലകളിലെയും പദ്ധതികൾ അദാനി ഗ്രൂപ്പിന് നൽകിയിട്ടുണ്ടെന്നും രാജ് താക്കറെ
മുംബൈ: ബിജെപിയുടെ ഭരണകാലത്ത് ലഭിച്ച സഹായങ്ങൾ ചൂണ്ടിക്കാട്ടി ഗൗതം അദാനിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാജ് താക്കറെയും ഉദ്ധവ് താക്കറെയും.
താനെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി ഗഡ്കരി രംഗായതൻ ചൗക്കിൽ സംയുക്ത ഇരുവരും കഴിഞ്ഞ ദിവസം സംയുക്ത റാലി നടത്തിയിരുന്നു. ഇതിലായിരുന്നു അദാനിയിലൂടെ മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
മുംബൈയെ ഗുജറാത്ത് ലോബിക്ക് വില്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഇരുവരും ആരോപിച്ചു. മോദി അധികാരമേറ്റ ശേഷം അദാനിക്കുണ്ടായ വളര്‍ച്ച വേദിയില്‍ രാജ് താക്കറെ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിക്കുകയും ചെയ്തു.
ജനങ്ങളെ ഹിന്ദു-മുസ്ലിം, ഹിന്ദു-മറാത്തി വികാരങ്ങളിൽ തളച്ചിട്ട് ബിജെപി സർക്കാർ രാജ്യത്തെ ഭൂസ്വത്ത് അദാനിക്ക് തീറെഴുതി നൽകുകയാണെന്ന് രാജ് ആരോപിച്ചു. 2014ല്‍ മഹാരാഷ്ട്രയില്‍ വെറുമൊരു പദ്ധതി മാത്രമുണ്ടായിരുന്ന അദാനി ഗ്രൂപ്പ്, 2025 ആയപ്പോഴേക്കും വൈദ്യുതി, സിമന്റ്, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ആധിപത്യം സ്ഥാപിച്ചതായി രാജ് താക്കറെ ചൂണ്ടിക്കാട്ടി. ഇതിന്റെ മാപ്പുകളും അദ്ദേഹം വേദിയില്‍ അവതരിപ്പിച്ചു. മുംബൈ വിമാനത്താവളവും ധാരാവിയും അദാനിക്ക് വിൽക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കഴിഞ്ഞ 16 വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 11-ാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് ഉയർന്നുവെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഇതിനോടുള്ള മറുപടി. എന്നാല്‍ വികസനത്തെയല്ല, അദാനി ഗ്രൂപ്പിന്റെ വളരുന്ന കുത്തകയെയാണ് എതിര്‍ക്കുന്നത് എന്നായിരുന്നു രാജ് താക്കറെയുടെ മറുപടി. സിമന്റ് മുതൽ സ്റ്റീൽ വരെയുള്ള എല്ലാ മേഖലകളിലെയും പദ്ധതികൾ അദാനി ഗ്രൂപ്പിന് നൽകിയിട്ടുണ്ടെന്നും രാജ് താക്കറെ പറഞ്ഞു.