< Back
India
ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം, പിന്നില്‍ മലയാളിയുടെ കൈകള്‍
India

ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം, പിന്നില്‍ മലയാളിയുടെ കൈകള്‍

Web Desk
|
9 Jan 2026 9:27 AM IST

യുണിക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ദേശീയതലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൃശൂർ സ്വദേശി അരുൺ ഗോകുലാണ് രൂപകൽപനക്ക് പിന്നിൽ

തിരുവനന്തപുരം: ആധാര്‍ സേവനങ്ങളുടെ പ്രചാരണാര്‍ത്ഥം യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഒന്നാം സ്ഥാനം മലയാളിക്ക്. തൃശൂരില്‍ നിന്നുള്ള അരുണ്‍ ഗോകുലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങില്‍ ചെയര്‍മാന്‍ നീലകണ്ഠ മിശ്ര ചിഹ്നം ഔദ്യോഗികമായി അനാവരണം ചെയ്തു.

വിജയികളെ അഭിനന്ദിക്കുകയും ജനങ്ങള്‍ക്ക് ആധാര്‍ സേവനങ്ങളെ കുറിച്ചുള്ള ആശയവിനിമയം കൂടുതല്‍ ലളിതമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചിഹ്നത്തിന്റെ പ്രകാശനമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

ദേശീയതലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ധാരാളമാളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയതോടെ ആധാറിന്റെ പ്രധാനതത്വം യുഐഡിഐ വീണ്ടും ഊട്ടിയുറപ്പിച്ചെന്ന് സിഇഒ ഭുവ്‌നേഷ് കുമാര്‍ പറഞ്ഞു. ആധാര്‍ ജനങ്ങളുമായി എത്രത്തോളം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്റെ കൂടുതല്‍ തെളിവാണ് മത്സരത്തിന് ലഭിച്ച വന്‍ സ്വീകാര്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരുണ്‍ ഗോകുല്‍ രൂപകല്‍പന ചെയ്ത ഉദയ് മാസ്‌കോട്ട് ആധാറിന്റെ പുതിയ ഔദ്യോഗിക ചിഹ്നമായി യുഐഡിഎഐ പ്രഖ്യാപിച്ചു. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലളിതമായി മനസിലാക്കാന്‍ ജനങ്ങളെ സഹായിക്കും. ആധാറുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍, വെരിഫിക്കേഷനുകള്‍, വിവരങ്ങള്‍ പങ്കുവെക്കല്‍, സാങ്കേതിക വിദ്യകള്‍, സുരക്ഷിതമായ ഉപയോഗം തുടങ്ങി ആധാര്‍ സേവനങ്ങളെ കുറിച്ചുള്ള ആശയവിനിമയത്തിനായി ഗോകുല്‍ തയ്യറാക്കിയ ചിഹ്നം യുഐഡിഎഐ ഉപയോഗപ്പെടുത്തും.

Similar Posts