< Back
India
പാകിസ്താനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; തുർക്കിയക്ക് പിന്നാലെ ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതിയിലും നിയന്ത്രണം
India

പാകിസ്താനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; തുർക്കിയക്ക് പിന്നാലെ ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതിയിലും നിയന്ത്രണം

Web Desk
|
18 May 2025 7:11 AM IST

ബംഗ്ലാദേശിലെ ടെക്സ്റ്റൈൽ, ഭക്ഷ്യോൽപ്പന്ന മേഖലയ്ക്ക് തിരിച്ചടിയാകും

ഡൽഹി: ഇന്ത്യാ - പാകിസ്താൻ വെടിനിർത്തലിന് പിന്നാലെ, പാകിസ്താനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ ഇന്ത്യയുടെ നടപടി തുടരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതിയിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി.

റെഡിമെയ്ഡ് തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ ബംഗ്ലാദേശിൽ നിന്ന് തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യുന്നതിലാണ് നിയന്ത്രണം കൊണ്ടുവന്നത്. ബംഗ്ലാദേശിലെ ഇടക്കാല ഭരണത്തലവൻ മുഹമ്മദ് യൂനുസ് അധികാരത്തിലേറിയ ശേഷം ഇന്ത്യയുമായി അടുപ്പക്കുറവ് ഉണ്ടായിരുന്നു.യൂനുസ് പാകിസ്താൻ സന്ദർശിക്കുകയും ചെയ്തു.

തുർക്കിക്കെതിരെയുള്ള നടപടിക്ക് പിന്നാലെയാണ് ബംഗ്ലാദേശിനെതിരെയും ഇന്ത്യ നടപടി സ്വീകരിക്കുന്നത്.ഇന്ത്യ വഴി നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമുള്ള ബംഗ്ലാദേശ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ ഈ നിയന്ത്രണം ബാധിക്കില്ല. നേരത്തേ തന്നെ ചൈനയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കടലുമായി ബന്ധപ്പെടാനാകില്ലെന്നും ആ ഭൂപ്രദേശങ്ങൾ കൈയ്യടക്കാൻ ചൈനയെ സഹായിക്കാമെന്നും ബംഗ്ലാദേശിലെ ഇടക്കാല ഭരണത്തലവൻ മുഹമ്മദ് യൂനുസ് പ്രസ്താവിച്ചിരുന്നു.ബംഗ്ലാദേശിലെ ടെക്സ്റ്റൈൽ വ്യാപാര മേഖലയ്ക്കും ഭക്ഷ്യോൽപ്പന്ന വ്യാപാരികൾക്കും വലിയ തിരിച്ചടിയാവും ഉണ്ടാവുക.

ബംഗ്ലാദേശിൽ ഉൽപ്പാദിപ്പിക്കുന്ന വസ്ത്രങ്ങളുടെ പ്രധാന വിപണിയാണ് നിലവിൽ ഇന്ത്യ. ഇവിടെയാണ് കേന്ദ്രസർക്കാരിൻ്റെ നടപടി ബംഗ്ലാദേശിന് വലിയ തിരിച്ചടിയാകുന്നത്. അതിനിടെവിദേശ കാര്യമന്ത്രി എസ് ജയശങ്കറോടുള്ള രാഹുൽ ​ഗാന്ധിയുടെ ചോദ്യങ്ങൾക്ക് വിദേശ കാര്യമന്ത്രാലയം മറുപടി നൽകി.

ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിനു ശേഷമാണ് പാകിസ്താന് മുന്നറിയിപ്പ് നൽകിയതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതാണ് എസ് ജയശങ്കർ പറഞ്ഞതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ നീക്കം പാകിസ്താനെ അറിയിച്ചത് കുറ്റകരമെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ ആരോപണം.പാക് ചാരവൃത്തിക്ക് കഴിഞ്ഞദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്യൽ തുടരുകയാണ്.

Related Tags :
Similar Posts