< Back
India
ആഗ്ര ഒരുങ്ങി; മുസ്‌ലിം യൂത്ത് ലീഗ് ഷാൻ എ മില്ലത്തിന് നാളെ തുടക്കം
India

ആഗ്ര ഒരുങ്ങി; മുസ്‌ലിം യൂത്ത് ലീഗ് ഷാൻ എ മില്ലത്തിന് നാളെ തുടക്കം

Web Desk
|
12 Oct 2025 9:58 PM IST

ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ദ്വിദിന പ്രതിനിധി സമ്മേളനം 'ഷാൻ എ മില്ലത്തി'ന് നാളെ തുടക്കം. ഉത്തർ പ്രദേശിലെ ആഗ്ര നഗരിയിലാണ് സമ്മേളനം അരങ്ങേറുന്നത്. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

ആഗ്ര ബാംബു റിസോർട്ടിൽ നാളെ വൈകുന്നേരം മൂന്ന് മണിക്ക് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രാർഥനയോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ് പതാക ഉയർത്തും. മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ആസിഫ് മുജ്തബ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. സി.കെ സുബൈർ, പി.കെ ഫിറോസ്, ആസിഫ് അൻസാരി, അഡ്വ. ഫൈസൽ ബാബു എന്നിവർ ഒരു പതിറ്റാണ്ട് നീണ്ട മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രയാണപഥങ്ങളെ സംബന്ധിച്ച അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെക്കും.

ഒക്ടോബർ 14ന് രാവിലെ മാധ്യമ മേഖലയിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച സെഷനിൽ ആസാദ് അശ്‌റഫ്, ഗസാല മുഹമ്മദ് എന്നിവരും വഖഫ് ഭേദഗതി നിയമത്തെക്കുറിച്ചുള്ള ചർച്ചയിൽ ഡോ. അസ്മ സഹ്‌റയും പ്രതിനിധികളുമായി സംവദിക്കും. ഉദ്ഘാടന സെഷനിൽ മുസ്‌ലിം ലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എംപി മുഖ്യാതിഥിയായിരിക്കും. ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എംപി മുഖ്യപ്രഭാഷണം നടത്തും. നിയമവും നീതിയും സംബന്ധിച്ച ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിന് സംബന്ധിച്ച സെഷൻ അഡ്വ. മുബീൻ ഫാറൂഖി നയിക്കും. മുസ്‌ലിം ലീഗ് ഉത്തരേന്ത്യയിൽ എന്ന വിഷയത്തിൽ കൗസർ ഹയാത്ത് ഖാൻ സംസാരിക്കും.

സമാപന പരിപാടി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഫലസ്തീൻ ജനതക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനം ഉത്തരേന്ത്യയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മുസ്‌ലിം യൂത്ത് ലീഗ് ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന് ദേശീയ പ്രസിഡണ്ട് അഡ്വ സർഫ്രാസ് അഹമ്മദും ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫലിയും പറഞ്ഞു. ദേശീയ ഭാരവാഹികളും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രതിനിധി സമ്മേളനത്തിന്റെ വിവിധ സെഷനുകൾ നിയന്ത്രിക്കും. ആഗ്ര പ്രഖ്യാപനത്തോടെ സമ്മേളനം ഒക്ടോബർ 14ന് സമാപിക്കും.

Similar Posts